ഹൂസ്റ്റണ്‍: കൊവിഡ‍് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് പേരാണ് അമേരിക്കയയില്‍ കുടുങ്ങിയിരിക്കുന്നത്. തങ്ങളെ തിരിച്ചെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇവരിപ്പോള്‍. ഇന്ത്യക്കാര്‍ കൂടുതലുള്ള ഡള്ളാസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളെ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഹൂസ്റ്റണില്‍ ഏകദേശം 30000 ഓളം വിദ്യാര്‍ത്ഥികളുണ്ട്. 

ഒറ്റപ്പെട്ടുപോയവരെ സഹായിക്കാനെന്ന പേരില്‍ എയര്‍ ഇന്ത്യക്ക്  ഭീമമായ തുക ഈടാക്കാമെങ്കില്‍ എന്തുകൊണ്ട് പ്രൈവറ്റ് ജെറ്റുകള്‍ അനുവദിച്ചുകൂടാ എന്ന് അമേരിക്കയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരന്‍ ചോദിച്ചു. ഇത് സഹായമല്ല, ആളുകളെ കൊള്ളയടിക്കലാണ്. ഒരുഭാഗത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് റൗണ്ട് ട്രിപ്പ് ചാര്‍ജാണ് ഈടാക്കുന്നതെന്നും ഇതുവഴി ആവശ്യക്കാര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും അയാള്‍ പിടിഐയോട് പറഞ്ഞു. 

അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് എത്താന്‍ സഹായത്തിന് കാത്തിരിക്കുകയാണ് ന്യൂയോര്‍ക്കിലുള്ള ആലിയ.  ''ഏപ്രില്‍ 26 ന് എന്‍റെ അച്ഛന്‍ മരിച്ചു. പ്രായമായ എന്‍റെ അമ്മയ്ക്ക് സഹായത്തിന് ആരുമില്ല. വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. എത്രയും വേഗം എന്നെ മുംബൈയിലെത്താന്‍ സഹായിക്കണേ... അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് യാതൊരുവിധ മറുപടിയും ലഭിക്കുന്നില്ല, സഹായിക്കണേ...'' - ആലിയ ആവശ്യപ്പെട്ടു. 

ആളുകളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് അമേരിക്കയില്‍ നിന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48.8 ലക്ഷം കടന്നു. 3.2 ലക്ഷം പേർ ഇതുവരെ മരിച്ചു. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം 15.5 ലക്ഷം കടന്നു. ഇവിടെ മോഡേണ എന്ന കമ്പനി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ പ്രാരംഭ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.