ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെൽ അവീവ്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന ന​ഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.

തെക്കൻ ലെബനനിലെയും കിഴക്കൻ ലെബനനിലെയും നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്കി നടക്കുന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഹിസ്ബുള്ളയ്ക്കായിരിക്കുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള തെക്കൻ ജില്ലകളിൽ ഇസ്രായേൽ തുടർച്ചയായി നടത്തിയ ആക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെയാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഹൈഫയ്ക്ക് തെക്ക് ഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന ഇസ്രായേലിന്റെ ഒരു സൈനിക താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.