ഗുരുനാനാക്കിന്‍റെ ചരിത്രം ആലേഖനം ചെയ്ത ചുമരുകളായിരുന്നു കൊട്ടാരത്തിന്‍റെ പ്രത്യേകത. ഹിന്ദു ദേവീദേവന്മാരെയും കൊട്ടാരത്തില്‍ ചിത്രീകരിച്ചിരുന്നു. ലാഹോറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നരോവല്‍ പട്ടണത്തിലാണ് സംഭവം. 

ലാഹോര്‍: ചരിത്ര പ്രസിദ്ധമായ പാകിസ്ഥാനിലെ ഗുരുനാനാക്ക് കൊട്ടാരം തകര്‍ത്തതായി റിപ്പോര്‍ട്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരമാണ് ആക്രമികള്‍ തകര്‍ത്തത്. കൊട്ടാരത്തിലെ ജനാലകളും വാതിലുകളും പൊളിച്ചെടുത്ത് വില്‍ക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് ഗുരുനാനാക്ക് കൊട്ടാരം. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ ചരിത്രം ആലേഖനം ചെയ്ത ചുമരുകളായിരുന്നു കൊട്ടാരത്തിന്‍റെ പ്രത്യേകത. ഹിന്ദു ദേവീദേവന്മാരെയും കൊട്ടാരത്തില്‍ ചിത്രീകരിച്ചിരുന്നു.

ലാഹോറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നരോവല്‍ പട്ടണത്തിലാണ് സംഭവം. 16 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇന്ത്യയില്‍നിന്നടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കാറുണ്ടെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കൊട്ടാരം ഭാഗികമായി തകര്‍ത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ വിറ്റതായി സര്‍ക്കാറും സ്ഥിതീകരിച്ചു. നേരത്തെ കൊട്ടാരത്തിന്‍റെ മൂന്ന് നിലകള്‍ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ല.

കൊട്ടാരത്തിന്‍റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ചരിത്രപരമായ പ്രാധാന്യത്തെ സംബന്ധിച്ചും ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്ന് പ്രദേശവാസികള്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു.