ഒന്നിച്ച് 75 വർഷത്തോളം ജീവിച്ചു. മകൻ നഷ്ടമായതൊഴിച്ചാൽ ജീവിതത്തിൽ മറ്റ് വേദനകളില്ല. ചെവിയും കാഴ്ചയും ഊർജ്ജവും നഷ്ടമാവുകയും ചെയ്തതിനേത്തുടർന്നാണ് തീരുമാനമെന്നാണ് അവസാന സന്ദേശം

ബേൺ: രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി ഭരണകൂട ഭീകരത അതിജീവിച്ച ദമ്പതികൾ ജീവനൊടുക്കി. സ്വിറ്റ്സർലാൻഡിലെ ആത്മഹത്യാ ക്ലിനിക്കിലാണ് 90 വയസ് പിന്നിട്ട പോളിഷ് നടിയും ഭർത്താവും ജീവിതം അവസാനിപ്പിച്ചത്. നാസി ക്യാംപുകളിൽ നിന്ന് രക്ഷപ്പെട്ട ശേഷം നർത്തകിയായും അഭിനേത്രിയായും പേരെടുത്ത റൂത്ത് പോസ്നെറും ഭർത്താവ് മൈക്കലുമാണ് ജീവിതം അവസാനിപ്പിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്. 96കാരിയായ റൂത്ത് പോസ്നെറും 97കാരനായ മൈക്കലും കഴിഞ്ഞ വാരാന്ത്യത്തിലാണ് ബേസലിലെ പെഗാസസിൽ അസിസ്റ്റഡ് സൂയിസൈഡ് ചെയ്യാനായി എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ദമ്പതികളുടെ തീരുമാനം ബന്ധുക്കളെ അറിയിച്ചുകൊണ്ടുള്ള സന്ദേശം എത്തിയത്. നേരത്തെ അറിയിക്കാതെ പോവുന്നതിൽ നിങ്ങൾക്ക് വിഷമം ഉണ്ടാവും എന്നറിയാമെന്ന് വ്യക്തമാക്കുന്നതാണ് ദമ്പതികളുടെ അവസാന സന്ദേശം.

രണ്ടുപേരും ചേർന്നാണ് തീരുമാനം എടുത്തതെന്നും ഒന്നിച്ച് 75 വർഷത്തോളം ജീവിച്ചു. നിലവിൽ കാഴ്ചയും കേൾവിയും ആവശ്യത്തിന് ഊർജ്ജവും ഇല്ലാത്ത സ്ഥിതിയിലാണ് ചികിത്സകളിലൂടെ സാഹചര്യം മെച്ചപ്പെടില്ലെന്ന് ബോധ്യം വന്നതിനാലാണ് തീരുമാനമെന്നാണ് റൂത്ത് പോസ്നെർ തീരുമാനത്തേക്കുറിച്ച് വിശദമാക്കുന്നത്. മകനായ ജെറമിയെ നഷ്ടമായത് ഒഴിച്ചാൽ മികച്ച ജീവിതമാണ് തങ്ങൾക്കുണ്ടായത്. ഒന്നിച്ച് ആസ്വദിച്ചു. ദുഖങ്ങൾ ഒന്നും ശേഷിക്കുന്നുമില്ല. ഭാവിയേക്കുറിച്ച് ഏറെ പ്രതീക്ഷകളൊന്നും ഇല്ലെന്നുമാണ് റൂത്തും മൈക്കലും അവസാന സന്ദേശത്തിൽ വിശദമാക്കിയത്.

തരം തിരിക്കലിൽ രക്ഷപ്പെട്ടു, 16ാം വയസിൽ ബ്രിട്ടനിലെത്തി

റൂത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും അടക്കം ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ടിരുന്നു. ഒരു ബന്ധുവും റൂത്തും മാത്രമാണ് ഇവരുടെ കുടുംബത്തിൽ നാസി ക്യാപിൽ നിന്ന് രക്ഷപ്പെട്ടത്. നാസികൾ പോളണ്ട് പിടിച്ചെടുത്ത കാലത്ത് ഏതോ അജ്ഞാത ക്യാപിലേക്കാണ് റൂത്തിനേയും കുടുംബത്തേയും മാറ്റിയത്. ആളുകളെ തരം തിരിക്കുന്നതിനിടയിൽ ജൂതരല്ലാത്ത വിഭാഗത്തിലേക്ക് മാറിയതാണ് റൂത്തിന് രക്ഷയായത്. പിന്നീട് ഒരു ക്രിസ്ത്യൻ കുടുംബം റൂത്തിന് അഭയം നൽകുകയായിരുന്നു. എന്നാൽ 1944ൽ പോളിഷ് ക്രിസ്ത്യാനി എന്ന പേരിൽ റൂത്ത് തടവിലാക്കപ്പെട്ടിരുന്നു. ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന പതിനാറാം വയസിലാണ് റൂത്ത് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. ലണ്ടൻ കണ്ടംപററി ഡാൻസ് തിയേറ്ററിന്റെ ഭാഗമായ റൂത്ത് പിന്നീട് റോയൽ ഷേക്സ്പിയർ കംപനിയുടെ ഭാഗമായി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം