അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഇറാൻ പാർലമെന്‍റിന്‍റെയടക്കമുള്ള തീരുമാനത്തിന് ഇറാൻ ദേശീയ സുരക്ഷ കമ്മീഷൻ അംഗീകാരം നൽകി. ഇറാനി റിയാലിലോ ഇറാൻ നിശ്ചയിക്കുന്ന കറൻസിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. സർവീസ് ചാർജ് എന്ന നിലയിലാണ് പണം ഈടാക്കുകയെന്നും വിശദീകരണമുണ്ട്. ഹോ‍ർമുസിലൂടെ കടന്നു പോകുന്ന കപ്പലുകൾ പണം നൽകണമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇറാൻ - അമേരിക്ക യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി പാകിസ്ഥാൻ സേന മേധാവി അസീം മുനീർ ഇറാനിലെത്തും. പാക് സേന മേധാവി എത്തുന്ന കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു.

ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്‍റ്

അതിനിടെ യുദ്ധവുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര വിമർശനങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തിയതും ശ്രദ്ധേയമായി. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകർന്നതിൽ ആണ് ഇറാൻ പ്രസിഡന്റിന്റെ വിമർശനം എന്നാണ് സൂചന. പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ അനുമതിയോടെ ആണ് ധാരണ ഒപ്പിട്ടത് എന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. സമാധാന നീക്കങ്ങൾ ഇറാനിലെ തീവ്ര നിലപാടുള്ള വിഭാഗം നിരന്തരം തടസപ്പെടുത്തിയിടുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ഇറാൻ പ്രസിഡന്‍റ് വിമർശനം അഴിച്ചുവിട്ടത്.