മാസങ്ങൾക്ക് ശേഷം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. തലസ്ഥാന നഗരത്തിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലുമായി വൻ മിസൈൽ ആക്രണം നടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കീവ്: മാസങ്ങൾക്ക് ശേഷം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. തലസ്ഥാന നഗരത്തിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലുമായി വൻ മിസൈൽ ആക്രണം നടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആക്രമണത്തില്‍ എട്ട് പേർ മരിച്ചതായും 26 പേർക്ക് പരിക്കേറ്റതായുമാണ് യുക്രെയ്ൻ അറിയിച്ചത്. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമര്‍ സെലൻസ്കി പറഞ്ഞു.
രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം നടന്നത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള തലസ്ഥാന നഗരത്തിലെ ആക്രമണത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മിസൈൽ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന കീവ് ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണ് വൻ ആക്രമണമുണ്ടായത്.
കീവിന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് പുകച്ചുരുകൾ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവിൽ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്‍റെ ഭയാനകമായ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്തുവന്നു. ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാധ്യമ പ്രവർത്തകർ പുറത്തുവിട്ട ദൃശ്യങ്ങളിൽ തകർന്നുകിടക്കുന്ന കെട്ടിടങ്ങളിൽ നിന്ന പുകയുയരുന്നത് കാണാം.
കീവിലുള്ള സ്വതന്ത്ര റിപ്പോർട്ട് ഇല്ല്യ പോനോമാറെൻകോ പങ്കുവച്ച ദൃശ്യങ്ങളിൽ പ്രശസ്തമായ ബ്രിഡ്ജ് ഓഫ് ഗ്ലാസിൽ ൻടന്ന മിസൈൽ ആക്രമണത്തിന്റെ ദൃശ്യമാണുള്ളത്. വിജനമായ പാലമാണെങ്കിലും ദൃശ്യം ആക്രമണ ഭീകരത വെളിവാക്കുന്നതാണ്. ഉക്രെയ്നിലുള്ള വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടർ മാത്യു ലക്‌സ്മൂർ ട്വീറ്റ് ചെയ്ത മറ്റൊരു വീഡിയോ സെൻട്രൽ കീവിലെ ഷെവ്‌ചെങ്കോ പാർക്കിൽ നിന്നുള്ളതാണ്. സാധാരണ നിലയിൽ സംഗീതജ്ഞരുടെയും സന്ദർശകരുടെയും വലിയ കൂട്ടമുണ്ടാകുന്ന പാർക്ക് ചിന്നിച്ചിതറിയ കല്ലും മണ്ണും നിറഞ്ഞ് ശ്മശാന മൂകമാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
ലക്‌സ്മൂർ തന്നെ പങ്കുവച്ച മറ്റൊരു വീഡിയോ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സാക്ഷ്യമാണ് പറയുന്നത്. ആക്രമണത്തെ കുറിച്ച് സംസാരിച്ച് വീഡിയോ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. പെട്ടെന്ന് തലയ്ക്ക് മുകളിലൂടെ പറന്നെത്തിയ മിസൈലിൽ നിന്നുള്ള തീഗോളമടക്കം വീഡിയോയിൽ പതിഞ്ഞു. ഞെട്ടിവിറച്ച പെൺകുട്ടി പകച്ചുനിൽക്കുകയും പിന്നാലെ പെട്ടെന്ന് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മിസൈൽ പൊട്ടിത്തെറിക്കുന്ന ശബ്ദവും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഷെവ്‌ചെങ്കോ പാർക്കിൽ നിന്നുള്ള ദൃശ്യമാണിതെന്നും ലക്‌സ്മൂർ ട്വീറ്റിൽ പറയുന്നു.
Read more: യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈൽ ആക്രമണത്തില്‍ 8 പേർ മരിച്ചു, 26 പേർക്ക് പരിക്ക്
വ്യാപകമായ ആക്രമണത്തിൽ പരിക്കേറ്റവരെ യുക്രെയ്ൻ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. സ്ഫോടനത്തിൽ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങൾ പൂർണമായും തകരാറിലായി. അധിനിവേശ ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ കഴിഞ്ഞ ദിവസം വൻ സ്ഫോടനം നടക്കുകയും പാലത്തിന്‍റെ ഒരുഭാഗം തകരുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ റഷ്യ തന്ത്ര പ്രധാന മേഖലകളിൽ സൈനിക ശക്തി കൂട്ടുകയും യുക്രൈനാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യുക്രെയ്ന്റേത് തീവ്രവാദ പ്രവർത്തനമാണെന്നാണ് വ്‌ളാഡിമിർ പുടിൻ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഏത് നിമിഷവും റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ആശങ്ക യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലനസ്കി പങ്കുവെച്ചിരുന്നു.
