Asianet News MalayalamAsianet News Malayalam

'സഹായിക്കാൻ കഴിയില്ലെങ്കിൽ വായടച്ച് മിണ്ടാതിരിക്കൂ' എന്ന് പ്രസിഡന്റ് ട്രംപിനോട് ഹൂസ്റ്റൺ പൊലീസ് മേധാവി

പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കി രാജ്യത്തെ ചെറുപ്പക്കാരെ പ്രകോപിപ്പിച്ച് തെരുവിലിറക്കി അവരുടെ  ജീവൻ അപകടത്തിയ്ക്കരുത് എന്നും ചീഫ് എയ്‌സ്‌വിഡോ പ്രസിഡന്റിനോട് പറഞ്ഞു. 

Houston police chief asks trump to shut the mouth and keep quiet regarding the riots
Author
Houston, First Published Jun 2, 2020, 2:23 PM IST

"എനിക്ക് അമേരിക്കൻ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ദയവായി വായടച്ച് മിണ്ടാതിരിക്കുക" - ഹ്യൂസ്റ്റൺ പൊലീസ് ചീഫ് ആയ ആർട്ട് എയ്‌സ്‌വിഡോ പറഞ്ഞ വാക്കുകളാണിത്.

ജൂൺ 1 -ന് സ്റ്റേറ്റ് ഗവർണർമാരുമായി നടന്ന ഒരു കോൺഫറൻസ് കോളിനിടെ പ്രസിഡന്റ് ട്രംപ് 'അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു നടക്കുന്ന കലാപങ്ങളെ അടിച്ചമർത്തേണ്ട ഉത്തരവാദിത്തം ഗവർണർമാർക്കുണ്ട്' എന്ന് പ്രസ്താവിച്ചിരുന്നു. സമരങ്ങൾക്കുമേൽ നിങ്ങൾക്ക് 'മേൽക്കൈ'(dominate) നേടേണ്ടതുണ്ട് എന്ന പ്രസിഡന്റിന്റെ ഓർമ്മപ്പെടുത്തലിനോടുള്ള പ്രതികരണമായിട്ടാണ് സിഎൻഎൻ ചാനലിൽ ചീഫ് എയ്‌സ്‌വിഡോ ഇങ്ങനെ പറഞ്ഞത്. 

 

 

"സമരക്കാരുടെമേൽ മേൽക്കൈ നേടിയില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണ്" എന്നായിരുന്നു ട്രംപിന്റെ നിരീക്ഷണം. എന്നാൽ, " ഇത് ആരും ആരുടെയും മേൽ 'അധികാരം' സ്ഥാപിക്കാനുള്ള സമയമല്ല" എന്നും, " ജനഹൃദയങ്ങളെ സ്വാധീനിക്കുകയും അവരുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്യേണ്ട സമയമാണ് " എന്നും ചീഫ് പറഞ്ഞു. 

ഇപ്പോൾ നടത്തിയപോലുള്ള പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കി രാജ്യത്തെ ചെറുപ്പക്കാരെ പ്രകോപിപ്പിച്ച് തെരുവിലിറക്കി അവരുടെ  ജീവൻ അപകടത്തിയ്ക്കരുത് എന്നും ചീഫ് എയ്‌സ്‌വിഡോ പ്രസിഡന്റിനോട് പറഞ്ഞു. 

കാലിഫോർണിയ ഗവർണർ അടക്കം പലരും ട്രംപിന്റെ ഈ പ്രസ്താവനയെ അപലപിച്ച് രംഗത്തുവന്നുകഴിഞ്ഞു. എന്നാൽ, അതേ സമയം അക്രമത്തിനു മുതിരുന്ന പ്രതിഷേധക്കാർക്ക് മിലിട്ടറി ആക്ഷൻ നേരിടേണ്ടി വരും എന്ന മറ്റൊരു ഭീഷണി കൂടി ട്രംപിൽ നിന്നുണ്ടായിട്ടുണ്ട്. തെരുവുകളിലെ കലാപകാരികളിൽ മോഷണത്തിന് മുതിരുന്നവരെ വെടിവെച്ചു കൊല്ലും എന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 

ഇതിനകം തന്നെ കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയ പല ഇടങ്ങളിലെയും പൊലീസ് അധികാരികൾ മുട്ടുകുത്തി നിന്ന്, മിനിയാപോളിസിലെ
തങ്ങളുടെ സഹപ്രവർത്തകരിൽ നിന്നുണ്ടായ തെറ്റിന് മാപ്പുപറയുന്ന രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിഷേധക്കാരെ കഴിയുന്നതും വേഗത്തിൽ അനുനയിപ്പിച്ച് അക്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലെയും ഗവർണ്ണർമാരും പൊലീസ് മേധാവികളും ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ഇപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലുള്ള ട്രംപിന്റെ ഏറ്റവും പുതിയ പരാമർശം പുറത്തു വന്നിരിക്കുന്നത്.. 

Follow Us:
Download App:
  • android
  • ios