ന്യൂസ്ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാന്‍ഡ പ്രചരിപ്പിക്കാന്‍ വലിയ രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം

ദില്ലി: ചൈനീസ് പ്രൊപ്പഗാന്‍ഡ ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ കോടീശ്വരനെ ചൈന പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി വിശദമാക്കിയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയത്. ന്യൂസ്ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാന്‍ഡ പ്രചരിപ്പിക്കാന്‍ വലിയ രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

എന്‍ജിഒകള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും അവരുമായി അടുത്ത ബന്ധമുള്ളവര്‍ക്കും ഇത്തരം ചൈനീസ് ബന്ധമെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണം വിശദമാക്കിയത്. ന്യൂസ് ക്ലിക്കിന് 38 കോടി രൂപയുടെ വിദേശ ഫണ്ട് ലഭിച്ചുവെന്ന വിവരത്തേ തുടര്‍ന്ന് ഇഡി അന്വേഷണം നടന്നതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ടെക് മേഖലയിലെ വമ്പനായ നെവില്ലെ റോയ് സിംഗത്തിലേക്ക് നീളുന്നതാണ് ചൈനീസ് പ്രൊപ്പഗാന്‍ഡയുടെ വേരുകള്‍. വിദേശ ഫണ്ട് നെവില്ലെ ചൈനീസ് അജന്‍ഡ നടപ്പിലാക്കാനായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.

ഇന്ത്യ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന ഇഡി കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് നിലവിലെ കണ്ടെത്തല്‍ എന്നാണ് ബിജെപി വിശദമാക്കുന്നത്. ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നു ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ രാഹുല്‍ഗാന്ധി വിദേശത്ത് ആവർത്തിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Scroll to load tweet…

അതേസമയം രൂക്ഷമായ ആരോപണങ്ങളാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂ‍ർ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയത്. കോണ്‍ഗ്രസും ന്യൂസ്‍ക്ലിക്കും ചൈനയും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണെന്നും കോണ്‍ഗ്രസിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുവെന്നും ഇന്ത്യ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല അനുരാഗ് ഠാക്കൂ‍ർ ദില്ലിയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
നെവില്ലെ റോയ് സിംഗം ഫണ്ട് ചെയ്യുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ചൈനീസ് പ്രൊപ്പഗാന്‍ഡകള്‍ക്ക് വലിയ കവറേജ് നല്‍കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ചൈനീസ് അജന്‍ഡകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ യുട്യൂബ് വീഡിയോകളും ന്യൂസ് ക്ലിക്ക് ചെയ്തു. ഓണ്‍ലൈന്‍ വായനക്കാരെ മാത്രമല്ല രാഷ്ട്രീക്കാരുമായും തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കുന്ന തരത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രഭാവം പുലര്‍ത്താന്‍ ഇവര്‍ക്കായി. ചൈനയുമായുള്ള ബന്ധത്തേ പരസ്യമായി നിഷേധിച്ചെങ്കിലും ഫണ്ട് സ്വീകരിച്ചുകൊണ്ട് പ്രത്യേക പരിപാടി വരെ നെവില്ലെ റോയ് സിംഗത്തിന്‍റെ ന്യൂസ് ക്ലിക്ക് നടത്തിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.