യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്.
മോസ്കോ: ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ ഭാഗികമായി തകർന്നു. യുദ്ധം മുറുകുന്നതിനിടെ പാലം തകർന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായി. യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാലത്തിന്റെ ഒരുഭാഗം തകർന്നു. സ്ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ ‘നൂറ്റാണ്ടിലെ നിർമിതി’യെന്നാണ് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിർമിതിയായും വിശേഷിപ്പിച്ചു. പാലം തകർന്നത് യുദ്ധത്തിൽ റഷ്യക്ക് കനത്ത തിരിച്ചടിയാകും. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.
എന്നാൽ, സ്ഫോടനത്തിനു പിന്നിൽ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടു ചെയ്തു. സ്ഫോടനം അന്വേഷിക്കാൻ റഷ്യ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കൻ റഷ്യയിലെ കുബൻ പ്രദേശവാസിയാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടന സമയം പാലത്തിലൂടെ സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് ആക്രമണമുണ്ടായത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. 2018 ൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് പാലം നിർമിച്ചത്.
റഷ്യൻ സൈനികർക്ക് യുദ്ധസാമഗ്രികൾ എത്തിക്കുന്നതിൽ ഏറെ നിർണായകമായിരുന്നു ഈ പാലം. ഏറെ സുരക്ഷയോടെ നിർമിച്ച പാലമാണെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. സൈനികർക്കും നാവികർക്കും അവശ്യസാധനങ്ങൾ എത്തിക്കുന്ന പാലത്തിലുണ്ടായ സ്ഫോടനം റഷ്യൻ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 400 കോടി ഡോളർ ചെലവിൽ 18 കിലോമീറ്റർ നീളത്തിലാണ് പാലം നിർമിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ പാലമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്.
