2025ലെ സാഹിത്യ നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർക്കൈയ്ക്ക്. 2025ലെ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

സ്റ്റോക്ക്ഹോം: 2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർക്കൈയ്ക്കാണ് പുരസ്കാരം. 1954ൽ തെക്ക് കിഴക്കൻ ഹംഗറിയിലെ ഗ്യൂലയിൽ ജനനിച്ച ലാസ്ലോ 1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്. ഗൌരവ സാഹിത്യത്തെ അക്ഷരങ്ങളിലാവാഹിച്ച ദുരന്തങ്ങളുടെ മഹാവ്യാഖ്യാതാവ് എന്ന് വിശേഷണമുള്ള ലാസ്ലോ രാഷ്ട്രീയം പറയാൻ മടിക്കാത്ത എഴുത്തുകാരനാണ്. പ്രമേയത്തിലും എഴുത്തിലും പുലര്‍ത്തിയ ഗഹനതയാണ് ലാസ്ലോയുടെ സാഹിത്യത്തിന്‍റെ സൌന്ദര്യശാസ്ത്രം. 2015 മുതൽ നൊബേലിനായി സാധ്യത കൽപിച്ചിരുന്ന ലാസ്ലോയെത്തേടി പുരസ്കാരമെത്തുന്നത് 71ാം വയസ്സിലാണ്. കാലത്തെയും അതിര്‍ത്തികളെയും ഭേദിക്കും വിധം എഴുത്തിൽ രാഷ്ട്രീയം പ്രതിഫലിക്കണമെന്ന ചിന്താഗതിക്ക് ഉടമയായിരുന്നു ലാസ്ലോ. 1985ൽ ആദ്യനോവലായ സതാന്താങ്കോയിലൂടെ വരവറിയിച്ചു. ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്, വാർ ആൻഡ് വാർ, സീബോ ദെയർ ബിലോ, ദ് ലാസ്റ്റ് വൂൾഫ് ആൻഡ് ഹെർമൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ദക്ഷിണകൊറിയൻ സാഹിത്യക്കാരിയായ ഹാൻ കാങിനാണ് 2024ൽ സാഹിത്യ നൊബേൽ ലഭിച്ചത്. 2025ലെ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് നോബേൽ സമ്മാനം ലഭിക്കുന്നതിനായി കഴിഞ്ഞ പത്തിലധികം വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നും ഗൗരവമുള്ള സാഹിത്യത്തിനുള്ള അംഗീകമാരമായാണ് കാണുന്നതെന്നും നിരൂപകൻ എൻ ഇ സുധീര്‍ അഭിപ്രായപ്പെട്ടു.