ഹംഗറിയിൽ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റർ മഗ്യാറിന്റെ തിസ പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി. അഴിമതി വിരുദ്ധ, യൂറോപ്യൻ യൂണിയൻ അനുകൂല നിലപാടുകളുമായി അധികാരത്തിലെത്തിയ മഗ്യാറിന്റെ വിജയം രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്നു.

ബുഡാപെസ്റ്റ്: ഹംഗറിയിൽ ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷി 'തിസ' (Tisza Party) പാർട്ടി ചരിത്ര വിജയം സ്വന്തമാക്കി. ഏപ്രിൽ 12-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിക്ടർ ഓർബന്റെ ഫിഡെസ് പാർട്ടിയെ തിസ പാർട്ടി ബഹുദൂരം പിന്നിലാക്കിയെന്നാണ് വിവരം. വോട്ടെണ്ണൽ പൂർത്തിയാകും മുൻപ് തന്നെ 51 ശതമാനം വോട്ട് നേടാൻ തിസ പാർട്ടിക്ക് സാധിച്ചു. ഫിഡെസ് പാർട്ടിക്ക് 40 ശതമാവം വോട്ട് മാത്രമാണ് ഇതുവരെ നേടാനായത്.

Add Asianetnews as a Preferred SourcegooglePreferred

പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനും പീറ്റർ മഗ്യാറിന്റെ പാർട്ടിക്ക് സാധിക്കും. ഇത് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ അവർക്ക് കരുത്ത് നൽകും. മുൻപ് വിക്ടർ ഓർബന്റെ അടുത്ത അനുയായി ആയിരുന്നു പീറ്റർ മഗ്യാർ. ഹംഗറിയിലെ സർക്കാരിൽ നിർണായക ചുമതലകളും വഹിച്ചിരുന്നു. സർക്കാരിലെ അഴിമതിയിലും ജനാധിപത്യ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് പാർട്ടി വിട്ട അദ്ദേഹം, ചുരുങ്ങിയ മാസങ്ങൾ കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ ജനകീയ നേതാവായി മാറിയത്. അഴിമതി അവസാനിപ്പിക്കുക, യൂറോപ്യൻ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്തുക, തകർന്നു കൊണ്ടിരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ പുനരുദ്ധരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തെരഞ്ഞെടുപ്പിൽ 'തിസ' പാർട്ടി മുന്നോട്ടുവെച്ചത്. ഓർബന്റെ റഷ്യൻ അനുകൂല നിലപാടുകൾക്ക് വിരുദ്ധമായി യൂറോപ്യൻ യൂണിയനോട് സഹകരിച്ച് പോകാനാണ് പീറ്റർ മഗ്യാർ ലക്ഷ്യമിടുന്നത്.

ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. 77 ശതമാനത്തിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ശക്തമായ ആഗ്രഹമാണ് ഈ പോളിംഗ് ശതമാനത്തിൽ പ്രതിഫലിച്ചത്. യൂറോപ്യൻ യൂണിയനുള്ളിൽ തീവ്ര വലതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന പ്രധാനിയായിരുന്നു വിക്ടർ ഓർബൻ. അദ്ദേഹത്തിന്റെ പരാജയം യൂറോപ്യൻ യൂണിയന്റെ ഐക്യത്തിന് ഗുണകരമാകുമെന്നും റഷ്യക്കെതിരായ യൂറോപ്പിന്റെ നിലപാടുകൾ കൂടുതൽ ശക്തമാകുമെന്നും കരുതപ്പെടുന്നു. ഹംഗറിയിലെ ജനങ്ങൾ ഭയത്തെ തോൽപ്പിച്ചിരിക്കുന്നുവെന്നും പുതിയ സ്വതന്ത്ര ഹംഗറിയിലേക്ക് പ്രവേശിക്കുകയാണെന്നും എന്ന് വിജയാഹ്ലാദത്തിനിടെ പീറ്റർ മഗ്യാർ പ്രതികരിച്ചു.