യെമനിലെ ഹൂതികള്‍ക്കെതിരായ അമേരിക്കൻ സൈനിക നീക്കം ചർച്ച ചെയ്യാൻ രൂപീകരിച്ച ഗ്രൂപ്പിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂയോർക്ക്: യെമനിലെ ഹൂതികള്‍ക്കെതിരായ അമേരിക്കൻ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്. ഈ ഗ്രൂപ്പിൽ നിന്നാണ് അമേരിക്കൻ സൈനിക നടപടികൾ ചോർന്നതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വാൾട്സ് ഉത്തരവാദിത്വം ഏറ്റെടുത്തത്. സൈനിക നടപടി ചോരാൻ കാരണമായ ഗ്രൂപ്പ് ഉണ്ടാക്കിയത് താനാണെന്നും അതുകൊണ്ടുതന്നെ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിവരിച്ചു.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക നടപടികൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെന്നത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിഗ്നൽ ചാറ്റിലെ കൂടുതൽ വിവരങ്ങൾ അറ്റ്‍ലാന്റിക് ഇന്നും പുറത്തുവിട്ടിരുന്നു. അതിനിടയിലാണ് സുരക്ഷാ വീഴ്ചയെ കുറിച്ച് അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ മൈക്ക് വാൾട്സ് കുറ്റസമ്മതം നടത്തിയത്. ചാറ്റ് ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ ചോർത്തിയ മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.

അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സമഗ്രമായ മാറ്റങ്ങൾ നിർബന്ധമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓർഡറില്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു എന്നതാണ്. യു എസ് വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിന്‍റെ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുകയും എല്ലാ ബാലറ്റുകളും തെരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഉത്തരവിൽ ഉള്ളത്. എന്നാല്‍ പുതിയ തീരുമാനങ്ങൾ നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യുഎസ് അടിസ്ഥാനപരായ തെരഞ്ഞെടുപ്പ് സംരക്ഷണം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഉത്തരവിൽ വാദിക്കുന്നത്. കൂടാതെ, വോട്ടർ ലിസ്റ്റുകൾ പങ്കിടാനും തെരഞ്ഞെടുപ്പ് സംബന്ധമായ കുറ്റകൃത്യങ്ങൾ പ്രോസിക്യൂട്ട് ചെയ്യാനും ഫെഡറൽ ഏജൻസികളുമായി സഹകരിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി ഇന്ത്യയെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്.

ലോകമെങ്ങുമുള്ള വിദ്യാർഥികൾക്ക് ഇരുട്ടടിയായി ട്രംപിന്‍റെ പുതിയ തീരുമാനം, സ്‌കോളർഷിപ്പ് സഹായം നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം