ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തൽ നിലനിൽക്കെ, ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഹൈവേയിലെ വാഹനങ്ങളാണ് ലക്ഷ്യമിട്ടത്. 

ടെൽ അവീവ്: ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ബെയ്റൂട്ടിൽ ഇസ്രായേലിന്റെ ആക്രമണം. ബെയ്റൂട്ടിന്റെ തെക്ക് ഹൈവേയിലുള്ള വാഹനങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സെയ്ദ-സൗത്ത് തീരദേശ ഹൈവേയിലെ ബാർജ, ജിയേ, സാദിയാത്ത് എന്നിവിടങ്ങളിലാണ് ഇസ്രായേലിന്റെ ആക്രമണം ഉണ്ടായത്. മൂന്ന് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. ദക്ഷിണ ലെബനനിലെ വിവിധ ഭാഗങ്ങളിൽ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. മജ്ദൽ സൗൺ, യാനൂഹ്, ബുർജ് ഷെമാലി എന്നീ നഗരങ്ങളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയതായി ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ ലെബനനിലെ 40-ഓളം ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇസ്രായേൽ സൈനികർക്ക് ഭീഷണിയുയർത്തിയ ഹിസ്ബുള്ള പോരാളികളെ വധിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രായേലിന് നേരെ വിക്ഷേപിക്കാൻ സജ്ജമാക്കി നിർത്തിയിരുന്ന നിരവധി റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായും ഇസ്രായേൽ സൈന്യം അറിയിച്ചു.