Asianet News MalayalamAsianet News Malayalam

യുക്രൈനെ കീഴടക്കിയാല്‍ അടുത്തത് തായ്വാന്‍; പുടിനെ വിമര്‍ശിച്ചും ലോകത്തിന് മുന്നറിയിപ്പുമായി ഗാരി കാസ്പറോവ്

നിലവിലെ സൈനിക നടപടി രാജ്യ താല്‍പര്യമല്ലെന്നതടക്കം രൂക്ഷ വിമര്‍ശനമാണ് ലോകപ്രസിദ്ധ ചെസ് താരം നടത്തിയിട്ടുള്ളത്. യുക്രൈനെതിരായ സൈനിക നടപടി വിജയകരമായാല്‍ അടുത്ത ലക്ഷ്യം തായ്വാന്‍ ആയിരിക്കുമെന്ന മുന്നറിയിപ്പിുമായി ലോക പ്രശസ്ത ചെസ് താരം ഗാരി കാസ്പറോവ് നല്‍കുന്നുണ്ട്. 

If Putin succeeds Taiwan is next claims Russian chess grandmaster Garry Kasparov
Author
New Delhi, First Published Feb 27, 2022, 12:27 PM IST

യുക്രൈനെതിരായ സൈനിക നടപടിയുടെ (Russia Ukraine crisis) പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ് (Russian chess grandmaster Garry Kasparov). നിലവിലെ സൈനിക നടപടി രാജ്യ താല്‍പര്യമല്ലെന്നതടക്കം രൂക്ഷ വിമര്‍ശനമാണ് ലോകപ്രസിദ്ധ ചെസ് താരം നടത്തിയിട്ടുള്ളത്. യുക്രൈനെതിരായ സൈനിക നടപടി വിജയകരമായാല്‍ അടുത്ത ലക്ഷ്യം തായ്വാന്‍ ആയിരിക്കുമെന്ന മുന്നറിയിപ്പിുമായി ലോക പ്രശസ്ത ചെസ് താരം ഗാരി കാസ്പറോവ് നല്‍കുന്നുണ്ട്. യുക്രൈനെതിരായ സൈനിക നടപടിക്കായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ (Russian President Vladimir Putin) ഒരുങ്ങുകയായിരുന്നുവെന്നും അടുത്തയിടയ്ക്ക് പുടിന്‍ പറഞ്ഞത് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്നും  റഷ്യന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗാരി കാസ്പറോവിന്‍റെ അഭിപ്രായ പ്രകടനം. 2007ലെ മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സില്‍ തന്നെ ഇതിന്‍റ സൂചനകള്‍ ഉണ്ടായിരുന്നു. തന്‍റെ സ്വാധീന മേഖലകളേക്കുറിച്ച് പുടിന്‍ അന്നേ സംസാരിച്ചിരുന്നു. എങ്ങനെ പെരുമാറണമെന്ന് ചെറിയ രാജ്യങ്ങളോട് വലിയ രാജ്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കു്നന തലത്തില്‍ ലോകം വിഭജിക്കപ്പെടണമെന്ന് പുടിന്‍ അന്നേ വിശദമാക്കിയിരുന്നുവെന്നാണ് ഗാരി കാസ്പറോവ് വാദിക്കുന്നത്. പസഫിക് സമുദ്രത്തിലുണ്ടായിരുന്ന സൈന്യത്തെ പുടിന്‍ കരിങ്കടലിലേക്ക് കൊണ്ടുവന്നു. യുക്രൈനെ എല്ലാ ദിശകളില്‍ നിന്നും റഷ്യന്‍ സൈന്യം വളഞ്ഞതും ഈ നടപടി പുടിന്‍ ഏറെ നാളായി പദ്ധതിയിടുന്നതായിരുന്നവെന്നതിന്‍റെ തെളിവാണ് ഗാരി കാസ്പറോവ് പറയുന്നു. 

എന്നാല്‍ റഷ്യ ഉദ്ദേശിച്ച പോലെ നിസാരമായി യുക്രൈനെ കീഴക്കാമെന്ന ധാരണ തെറ്റുന്ന കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നതെന്നും അന്‍പത്തിയെട്ടുകാരനായ  ലോക ചെസ് ചാംപ്യന്‍ പറയുന്നു. രണ്ടോ മൂന്നോ ദിവസത്തില്‍ കീവ് കീഴടക്കാമെന്നായിരുന്നു റഷ്യയുടെ ധാരണ. എന്നാല്‍ യുക്രൈന്‍റെ വീരോചിതമായ പ്രതിരോധം അജയ്യനായ നേതാവെന്ന പുടിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം തീര്‍ത്തിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, യുകെ അടക്കമുള്ള ഇന്നത്തെ യൂറോപ്പിലെ മിക്ക രാഷ്ട്രീയക്കാരും ഏതെങ്കിലും തലത്തില്‍ പുടിനുമായി ബിസിനസ് ബന്ധങ്ങള്‍ പുലര്‍ത്തുന്നവരാണ്. അതാണ് ഇന്നത്തെ യൂറോപ്പിന്‍റെ പ്രശ്നവുമെന്നാണ് ഗാരി കാസ്പറോവ് കുറ്റപ്പെടുത്തുന്നത്. യുക്രൈന്‍റെ നിലനില്‍പ് പോലും അംഗീകരിക്കാത്ത രീതിയിലുള്ള റഷ്യന്‍ നിലപാടും പുടിന്‍റെ പദ്ധതികള്‍ തിരിച്ചറിയാന്‍ സാധിക്കാതെ പോയതും മണ്ടത്തരം മാത്രമാണെന്നും ഗാരി കാസ്പറോവ് പറയുന്നു. 

ഏറെക്കാലമായി തുടര്‍ച്ചയായി നുണ പറയുന്നതാണ് പുടിന്‍റെ ശീലമെന്നും ഗാരി കാസ്പറോവ് കുറ്റപ്പെടുത്തുന്നു. നിലവിലെ യുദ്ധം യൂറോപ്പിന്‍റെ തന്നെ സൃഷ്ടിയാണ്. അജയ്യനെന്ന നിലയിലേക്ക് പുടിനെ വളരാന്‍ യൂറോപ്പ് അനുവദിച്ചു. 2014ൽ ക്രിമിയയോട് ചെയ്തത് പോലെ യുക്രൈനോട് ചെയ്യാനാവുമെന്നാണ് പുടിന്‍ വിശ്വസിച്ചിരുന്നത്. നിലവിലെ പ്രതിസന്ധി റഷ്യയേയും യുക്രൈനിനേയും മാത്രം ബാധിക്കുന്നതല്ല. മറിച്ച് ലോകത്തിന്‍റെ തന്നെ സുരക്ഷാ സംവിധാനത്തെ ബാധിക്കുന്നതാണ്. ഇവിടെ പുടിന്‍ വിജയിച്ചാല്‍ അടുത്തത് ചൈനയും തായ്വാനുമാണെന്നും കാസ്പറോവ് മുന്നറിയിപ്പ് നല്‍കുന്നു. റഷ്യയുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് യുക്രൈനെതിരായ സൈനിക നടപടിയെന്ന പുടിന്‍റെ അവകാശവാദം റഷ്യക്കാര്‍ക്കും റഷ്യയേയും അപമാനിക്കുന്നതാണെന്നു് ഗാരി കാസ്പറോവ് പറയുന്നു. 

അഡോള്‍ഫ് ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനും പ്രവര്‍ത്തിച്ചത് രാജ്യ താല്‍പര്യത്തിന് വേണ്ടിയാണെന്ന് പറയുന്നതിന് സമാനമാണ് അതെന്നും ഗാരി പറയുന്നു. പുടിന്‍ നടത്തുന്ന മാഫിയ ആണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. പുടിന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈ മാഫിയയ്ക്ക് അനുകൂലമായാണ്. അവര്‍ എന്‍റെ രാജ്യത്തിന് നിരവധി വര്‍ഷങ്ങളായി ഏല്‍പ്പിച്ച കളങ്കത്തിന് യുക്രൈന്‍ സമൂഹം മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാരി പറയുന്നു. ആയിരക്കണക്കിന് റഷ്യക്കാരാണ് ഈ അധിനിവേശത്തിനെതിരെ തെരുവില്‍ ഇറങ്ങിയതെന്നും ഗാരി പറയുന്നു. പുടിന്റെ ഭരണത്തിന് കീഴിൽ റഷ്യയിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നത്  അവര്‍ക്ക് തന്നെ പ്രശ്നമുണ്ടാക്കുമെന്ന് അവര്‍ക്ക് അറിയാം.അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പലരും ദിവസങ്ങളല്ല, വർഷങ്ങളോളം ജയിലിൽ കിടന്നേക്കാം, എന്നാൽ നിങ്ങൾക്ക് യുദ്ധവിരുദ്ധ വികാരം റഷ്യയില്‍ ശക്തമാണെന്നും ഗാരി പ്രതികരിക്കുന്നു. റഷ്യയുടെ സാമ്പത്തിക ഭദ്രത പുടിന്‍ തകര്‍ക്കുമെന്നും ഗാരി കാസ്പറോവ് മുന്നറിയിപ്പ് നല്‍കുന്നു. 

Follow Us:
Download App:
  • android
  • ios