ഇമ്രാനെ താഴെയിറക്കാമെന്ന് കരുതിയ പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്താക്കപ്പെടുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടിൽ നിന്നും ഇമ്രാൻ ഖാൻ രക്ഷപ്പെട്ടു.
കറാച്ചി: അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് നിർദ്ദേശം. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രഖ്യാപിച്ചു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല. നേരത്തെ തന്നെ കാര്യങ്ങൾ എങ്ങനെയാവണമെന്ന് ഇമ്രാൻ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തം.
ഇമ്രാനെ താഴെയിറക്കാമെന്ന് കരുതിയ പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്താക്കപ്പെടുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടിൽ നിന്നും ഇമ്രാൻ ഖാൻ രക്ഷപ്പെട്ടു.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെപ്യുട്ടി സ്പീക്കർ ക്വസിം സൂരി പറഞ്ഞത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ആകെ ഞെട്ടിച്ചു. അവതരിപ്പിക്കാൻപോലും അനുവദിക്കാതെ അവിശ്വാസപ്രമേയം തള്ളിയ ഡെപ്യുട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എണീറ്റെങ്കിലും ഫലം ഉണ്ടായില്ല. സഭ പിരിയുന്നതായി പ്രഖ്യാപിച്ച ക്വസിം സൂരി ഇരിപ്പിടാം വിട്ടിറങ്ങി.
ദേശീയ അസംബ്ലിയിൽ എത്താതെ ഔദ്യോഗിക വസതിയിലിരുന്ന് എല്ലാം ടെലിവിഷനിൽ കാണുക ആയിരുന്ന ഇമ്രാൻ ഖാൻ നിമിഷങ്ങൾക്കകം രാജ്യത്തെ അഭിസംബോധന ചെയ്തു. ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കർക്ക് നന്ദി. ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് ശുപാർശ നൽകിയെന്ന് രാജ്യത്തെ ഇമ്രാൻ അറിയിച്ചു. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാത്രമാണ് പോംവഴി. പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ചു ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി ആരിഫ് അലവിയുടെ പ്രഖ്യാപനം പിന്നാലെ വന്നു.
അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടന ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ അസംബ്ലിയിൽ തുടരുമെന്നും പി പി പി നേതാവ് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു.
ഡെപ്യുട്ടി സ്പീക്കറുടെ ഭരണഘടനാ വിരുദ്ധ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
അധികാരത്തിലേറാൻ കഴിയുമെന്ന് ഉറപ്പിച്ചു നീക്കിയ പ്രതിപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടി ആയി ദേശീയ അസംബ്ലി പിരിച്ചുവിട്ടുകൊണ്ടുള്ള ഇമ്രാന്റെ നീക്കം.
