ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക്കിസ്ഥാന്‍റെ വിജയമാണെന്ന് അവകാശപ്പെട്ട്  ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പങ്കുവെച്ചത്. കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചത് പാക്ക് വിജയമാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. കുൽഭൂഷൺ പാക്ക് ജനതക്കെതിരെയുള്ള അക്രമത്തിന് കുറ്റക്കാരനാണെന്നും കുൽഭൂഷൺ ജാദവിൻറെ കാര്യത്തിൽ നിയമപ്രകാരം മുന്നോട്ടു പോകും എന്ന് ഇമ്രാൻ ഖാൻ അറിയിച്ചു.

എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി  ഒന്നിനെതിരെ 15 വോട്ടുകൾക്ക് തള്ളിയത്. വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്‍റെ വാദവും കോടതി തള്ളിക്കളഞ്ഞു.  

നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വിചാരണ ചെയ്തതെന്ന്  അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി.  വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും  കോടതി നിരീക്ഷിച്ചു.