Asianet News MalayalamAsianet News Malayalam

പ്രലോഭനം തടയാന്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറയ്ക്കണം; ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. 

Imran Khans remarks on linking rape and women dressing get criticized
Author
Lahore, First Published Apr 8, 2021, 10:44 AM IST

ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തിയ പരാമര്‍ശത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം. സ്ത്രീകളുടെ വസ്ത്രധാരണമാണ്  ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.

സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം രൂക്ഷമായ പ്രതിഷേധത്തിലേക്കാണ് വഴി തെളിച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.

ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ്  നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios