ഇസ്ലാമാബാദ്: ഇന്ത്യക്ക് മുന്നറിയിപ്പുമായി കറാച്ചിയിൽ പാകിസ്ഥാന്‍റെ ആണവായുധ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. 'ഗസ്‍‍നാവി' എന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഗുജറാത്ത് തീരത്തിന് സമാന്തരമായി കറാച്ചിയിൽ നിന്ന് പരീക്ഷിച്ചത്.

ഒരു പ്രതലത്തിൽ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് തൊടുക്കാവുന്ന Surface - to - surface ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഇന്ന് പുലർച്ചെ പരീക്ഷിച്ചിരിക്കുന്നത്. 290 കിലോമീറ്ററാണ് മിസൈലിന്‍റെ ദൂരപരിധി.

അതേസമയം, ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. പാക് കമാൻഡോകൾ നുഴഞ്ഞു കയറിയിക്കാം എന്ന സൂചനകളെത്തുടർന്നാണ്, തീരദേശസേനയും ബിഎസ്‍എഫും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഗുജറാത്തിലെ കാണ്ട്‍ല തുറമുഖത്തിലാണ് പാക് കമാൻഡോകളെത്തിയതെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിലും ഊർജിതമാക്കി. 

മിസൈൽ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളും പാക് സൈനിക വക്താവ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന്‍റെ പിന്നിലുള്ള സൈനിക ടീമിനെ പാക് പ്രസിഡന്‍റും പ്രധാനമന്ത്രിയും സൈനികമേധാവിമാരും അഭിനന്ദിച്ചെന്നും വക്താവിന്‍റെ ട്വീറ്റിലുണ്ട്. ''പല തരത്തിലുള്ള ആയുധങ്ങൾ വഹിക്കാനുള്ള'' ശേഷിയുള്ള മിസൈലാണിതെന്നാണ് പാക് സൈനിക വക്താവിന്‍റെ ട്വീറ്റ്. 

ഇനി ഇന്ത്യയുമായി ചർച്ചയില്ലെന്നും ആണവായുധം പാകിസ്ഥാന്‍റെ കൈവശവുമുണ്ടെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ആവർത്തിച്ചതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2005-ൽ ഒപ്പുവച്ച കരാറുകൾ അനുസരിച്ച്, ഒരു രാജ്യം ഇത്തരത്തിലൊരു മിസൈൽ പരീക്ഷണം നടത്തുമ്പോൾ മറുരാജ്യത്തെ അറിയിക്കണം. ഇമ്രാൻ ഖാന്‍റെ പ്രസ്താവന പുറത്തുവന്ന അതേ ദിവസം തന്നെയാണ് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തുമെന്ന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചത്. 

കറാച്ചിയിലെ സോൻമിയാനി ഫ്ലൈറ്റ് റേഞ്ചിലെ കമാൻഡ് പോസ്റ്റ് (59)-ൽ നിന്നാണ് മിസൈൽ പരീക്ഷണം നടന്നതെന്നാണ് സൂചന. സിന്ധിലെ നാഷണൽ ഡെവലപ്‍മെന്‍റ് കോംപ്ലക്സ് (എൻഡിസി) ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിൽ നിന്നായിരുന്നു നിയന്ത്രണം. പാകിസ്ഥാന്‍റെ മിസൈൽ വികസന, പരീക്ഷണ കേന്ദ്രമാണ് എൻഡിസി. തലസ്ഥാനം പാക് പഞ്ചാബിലെ ഫത്തേജംഗും. 

കറാച്ചിയിലെ മൂന്ന് വ്യോമപാതകൾ പരീക്ഷണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അടച്ചിരുന്നു. ആഗസ്ത് 28 മുതൽ 31 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. നോട്ടാം എന്ന വൈമാനികർക്കുള്ള നോട്ടീസിൽ (നോട്ടീസ് ടു എയർമെൻ, അലർട്ടിംഗ് പൈലറ്റ്സ് ഓൺ റൂട്ട്‍സ്) ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. 26,000 അടി ഉയരത്തിൽ കടലിൽ പ്രത്യാഘാതമുണ്ടാകുന്ന തരത്തിലാകും മിസൈൽ പരീക്ഷണമെന്നതായിരുന്നു നോട്ടീസ്. പ്രദേശത്ത് നിന്ന് എല്ലാ കപ്പലുകളെയും മാറ്റണമെന്ന് നാവികസേനകൾക്കും കപ്പലുകൾക്കും നൽകിയ നോട്ടീസിലും പറഞ്ഞിരുന്നു. 

കശ്മീരിനെച്ചൊല്ലി ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന തരത്തിലുള്ള മുന്നറിയിപ്പ് ലോകരാജ്യങ്ങൾക്ക് നൽകാനും, അത് വഴി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനുമുള്ള പാകിസ്ഥാന്‍റെ ശ്രമമാണിതെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് വഴി കടുത്ത രോഷത്തിലുള്ള ജിഹാദി ഗ്രൂപ്പുകളെ സമാധാനിപ്പിക്കാനും ഈ മിസൈൽ പരീക്ഷണത്തിലൂടെ പാകിസ്ഥാൻ ശ്രമിക്കും. പാക് പ്രതിപക്ഷത്തിന്‍റെ എതിർപ്പുകളെയും ഇമ്രാൻ ഖാൻ ഇത് വഴി ഒതുക്കാൻ ലക്ഷ്യമിടുന്നു. ഇമ്രാൻ ഖാന്‍റെ അശ്രദ്ധ മൂലമാണ് കശ്മീർ പാകിസ്ഥാന്‍റെ പിടിയിൽ നിന്ന് നഷ്ടമായതെന്ന ആരോപണം പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളെല്ലാം ഉയർത്തിയിരുന്നു. അങ്ങനെ രാജ്യത്തെ ആഭ്യന്തര എതിർപ്പുകൾ മുതൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടൽ വരെ ലക്ഷ്യമിട്ടുള്ള പരീക്ഷണമാണ് ഇമ്രാൻ ഖാൻ നടത്തുന്നത്. 

ദീർഘദൂര മിസൈലല്ല 'ഗസ്‍നാവി'. 300 കിലോമീറ്റർ മാത്രമാണ് മിസൈലിന്‍റെ ദൂരപരിധി. 'ഖൗരി', 'ഷഹീൻ' എന്നീ രണ്ട് ബാലിസ്റ്റിക് മിസൈൽ സെറ്റുകൾ കൂടി പാകിസ്ഥാന്‍റെ പക്കലുണ്ട്. ഇതിൽ ഏറ്റവും ദീർഘദൂരപരിധിയുള്ളത് ഷഹീൻ - 3 - നാണ്. 2,750 കിലോമീറ്ററാണ് ഷഹീൻ - 3 ന്‍റെ ദൂരപരിധി.