ബാങ്കോക്ക്: ആസിയാൻ ഉച്ചകോടിക്ക് ഇന്ന് ബാങ്കോക്കിൽ തുടക്കം. മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാർ, ആർസിഇപിയ്ക്ക് ഉച്ചകോടിയിൽ അവസാന രൂപം നല്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു. കരാറിൽ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ ഇന്ത്യ അവസാന തീരുമാനമെടുക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ചില ഉത്പന്നങ്ങൾക്ക് തീരുവ സംരക്ഷണം ഉൾപ്പടെ അവസാനഘട്ടത്തിൽ ഇന്ത്യ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചെന്ന് ആസിയാൻ രാജ്യങ്ങളുടെ പ്രതിനിധികൾ വ്യക്തമാക്കി. 

കരാറിൽ ഒപ്പുവയ്ക്കരുതെന്ന് ആർഎസ്എസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേരളനിയമസഭയും കരാറിനെതിരെ പ്രമേയം പാസാക്കി. എന്നാൽ കരാർ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം വേണമന്ന നിലപാടിൽ ചൈന ഉറച്ചുനില്ക്കുകയാണ്. ബാങ്കോക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഇക്കാര്യം വീണ്ടും സംസാരിച്ചേക്കും. ഇന്ത്യ ആസിയാൻ ഉച്ചകോടിയും ബാങ്കോക്കിൽ നടക്കും.