116 രാജ്യങ്ങൾ അനുകൂലമായും രണ്ട് രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ വിട്ടുനിന്നു.
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. പ്രമേയം സാധാരണ കാര്യമാണെന്നനും ആഗോള സമൂഹം അഫ്ഗാൻ ജനതയ്ക്കായി വിഭാവനം ചെയ്യുന്ന ഫലമുണ്ടാക്കാൻ പ്രമേയത്തിന് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിട്ടുനിന്നത്. 'അഫ്ഗാനിസ്ഥാനിലെ സാഹചര്യം' എന്ന വിഷയത്തിൽ ജർമ്മനിയാണ് അവതരിപ്പിച്ച കരട് പ്രമേയം 193 അംഗ യുഎൻ പൊതുസഭ തിങ്കളാഴ്ച അംഗീകരിച്ചു.
116 രാജ്യങ്ങൾ അനുകൂലമായും രണ്ട് രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ വിട്ടുനിന്നു. അഫ്ഗാനിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏതൊരു യോജിച്ച നയത്തെയും അഫ്ഗാൻ ജനതക്ക് ദോഷകരമായ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെയും സംയോജിപ്പിക്കണമെന്ന് വോട്ടെടുപ്പിന്റെ വിശദീകരണത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പറഞ്ഞു. അഫ്ഗാനിലെ സ്ത്രീകൾക്കെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുമാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ, ശിക്ഷാ നടപടികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനം വിജയിക്കാൻ സാധ്യതയില്ല. സംഘർഷാനന്തരമുള്ള മറ്റ് സന്ദർഭങ്ങളിൽ ഐക്യരാഷ്ട്രസഭയും വിശാലമായ അന്താരാഷ്ട്ര സമൂഹവും കൂടുതൽ സന്തുലിതവും സൂക്ഷ്മവുമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ ഖ്വയ്ദയും അവരുടെ അനുബന്ധ സംഘടനകളും, ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് ഉൾപ്പെടെയുള്ള സംഘടനകളും അവരുടെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്ന പ്രാദേശിക സ്‌പോൺസർമാരും അഫ്ഗാൻ പ്രദേശത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഏകോപിത ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
