'വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, വികസന നയങ്ങളിൽ ഒന്നിച്ച് നീങ്ങും'; നിലപാട് മയപ്പെടുത്തി കാനഡ
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

ദില്ലി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അതേസമയം, ഇന്ത്യ - കാനഡ തര്‍ക്കം ഇന്ത്യ അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് ജയശങ്കര്‍ - ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ ധാരണയായെന്നാണ് വിവരം.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് തുറന്ന് പറഞ്ഞ ട്രൂഡോ അയയുകയാണ്. കാനഡയും സഖ്യകക്ഷികളും എന്നും ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും ഇന്ത്യയ്ക്കൊപ്പം ക്രിയാത്മകമായും ഗൗരവത്തോടെയും നീങ്ങുമെന്നുമാണ് പുതിയ നിലപാട്. അതേസമയം നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളെ കണ്ട ട്രൂഡോ പറഞ്ഞു.
Also Read: കളർ പെൻസിൽ കൂട്ടുകാരന് കൊടുക്കണമെന്ന് കത്ത്; തിരുവനന്തപുരത്ത് കാണാതായ കുട്ടിയെ കണ്ടെത്തി
നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് തുറന്നടിച്ചത്. പ്രതികരണത്തില്‍ പാകിസ്ഥാനും അമേരിക്കയും അനുകൂല പ്രതികരണം നടത്തിയതൊഴിച്ചാല്‍ മറ്റ് രാജ്യങ്ങളെല്ലാം മൗനം പാലിച്ചു. എന്നാല്‍ നയതന്ത്ര ബന്ധം വഷളാക്കിയ ട്രൂഡോക്കെതിരെ പരക്കെ വിമര്‍ശനം ഉയരുകയും ചെയ്തു. ഏറ്റവും ഒടുവില്‍ കാനഡ തീവ്രവാദികളുടയും, കൊലപാതകികളുടെയും സ്വര്‍ഗമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മേമന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തു. യുഎന്‍ ജനറല്‍ അസംബ്ലിയിലടക്കം വിഷയം ചര്‍ച്ചയാകുമെന്ന കാനഡയുടെ പ്രതീക്ഷയും പാളി.
അതേസമയം, കഴിഞ്ഞ രാത്രി നടന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തയ്യാറായിട്ടില്ല. അമേരിക്ക പുറത്തിറക്കിയ പ്രസ്തവനയിലും വിഷയം പരാമര്‍ശിച്ചിട്ടില്ല.