കളർ പെൻസിൽ കൂട്ടുകാരന് കൊടുക്കണമെന്ന് കത്ത്; തിരുവനന്തപുരത്ത് കാണാതായ കുട്ടിയെ കണ്ടെത്തി
കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കാട്ടാക്കട ആനകോട് സ്വദേശിയായ 13 കാരനെയാണ് കാണാതായത്. തന്‍റെ കളർ പെൻസിലുകൾ സുഹൃത്തിന് നൽകണമെന്നും ഞാൻ പോകുന്നുവെന്നുമാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുലർച്ചെ 5.30 നുള്ള സിസിടിവ ദൃശ്യങ്ങളിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ കാട്ടാക്കട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്ആര്‍ടിസി ബസിൽ നിന്ന് കണ്ടെത്തിയത്.