ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ധാരണയായി. ഗൽവാൻ സംഘർഷത്തിന് ശേഷം വഷളായ ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി സൈനിക പിന്മാറ്റം പോലുള്ള വിഷയങ്ങൾ ചർച്ചയായി
ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ കോർ കമാൻഡർ തല ചർച്ചയിൽ ധാരണയായി. ഈ മാസം 25 ന് ചുഷുൽ - മോൾഡോ അതിർത്തി കൂടിക്കാഴ്ചാ പോയിന്റിൽ നടന്ന യോഗത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തിയാണ് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ധാരണയായത്. സെൻസിറ്റീവ് ഏരിയകളിൽ സംഘർഷം ഒഴിവാക്കാനുള്ള മാർഗങ്ങൾ, അതിർത്തിയിൽ നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റം, പെട്രോളിംഗ് ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. 2020 ലെ ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി, ഇരു രാജ്യങ്ങളും സൈനിക സംഭാഷണം തുടരാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിലപാട് അനുസരിച്ച് അതിർത്തി മേഖലയിലെ സമാധാനം സംരക്ഷിക്കാനും തീരുമാനിച്ചു. ഇത് ലാഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ എ സി) പ്രദേശത്ത് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
5 വർഷത്തിന് ശേഷം വീണ്ടും ഭായി ഭായി
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ട് ഏറെക്കുറെ അഞ്ച് വർഷത്തോളമായി. അതിർത്തി പ്രശ്നങ്ങളിൽ തുടങ്ങിയ ഉരസൽ പിന്നെ നയതന്ത്ര മേഖലയിലേക്ക് ശക്തമായ പടർന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്‍റായുള്ള രണ്ടാം വരവിലെ ഡോണൾഡ് ട്രംപിന്‍റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും 'ഭായി ഭായി' ആകുന്നത്. അഞ്ച് വർഷത്തിനിപ്പുറം ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിലെ സംഘർഷങ്ങളിലും വലിയ മാറ്റമുണ്ടാകുന്നത്.
ഇന്ത്യ - ചൈന ബന്ധം ശക്തമാക്കുന്ന തീരുമാനം
ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. 2020 ലെ നിർത്തലാക്കപ്പെട്ട വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസം പുനഃസ്ഥാപിക്കപ്പെട്ടത്. ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് വഷളായ ബന്ധം ഇതോടെ ശരിയാകുമെന്നാണ് പ്രതീക്ഷ. ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ - ചൈന നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നത് പ്രധാന ചർച്ചാവിഷയമായിരുന്നു. വിമാന സർവീസുകളുടെ പുനരാരംഭിക്കൽ ഇരുരാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ - ചൈന അതിർത്തിയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ കോർ കമാൻഡർ തല ചർച്ചയിൽ ധാരണയായതും വലിയ പ്രതീക്ഷയാണ് നൽകുന്നത്.


