യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവ്വീസുകൾ (Flight service) ഉടൻ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാനസർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി.

ദില്ലി: റഷ്യ-യുക്രൈന്‍ സംഘര്‍ഷ (Russia-Ukraine conflict) സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിലുളള (Ukraine) ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം കൂടുതൽ വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവ്വീസുകൾ (Flight service) ഉടൻ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാനസർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി. ഓരോ വിമാനകമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും തല്ക്കാലം മരവിപ്പിച്ചു.

ആവശ്യത്തിന് വിമാനസർവ്വീസുകൾ നടത്താൻ ഇതുവഴി കഴിയുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പതിനെണ്ണായിരം ഇന്ത്യക്കാർ യുക്രൈനിൽ ഉണ്ടെന്നാണ് കണക്ക്. യുക്രൈനിൽ തങ്ങുന്നത് അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. 

എയർ ഇന്ത്യയുടെ (Air India) കൂടുതൽ സർവ്വീസുകൾ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം നേരത്ത അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. 

റഷ്യ-യുക്രൈന്‍ സംഘര്‍ഷസാധ്യതയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും ആശങ്കയിലായിരുന്നു. വിമാന സര്‍വീസുകളുടെ എള്ളത്തിലെ കുറവുകളെക്കുറിച്ചുള്ള പരാതികള്‍ ഇന്ത്യൻ എംബസിക്കും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. നിലവിൽ കീവിൽ നിന്ന് ദില്ലിയിലേക്ക് യുക്രൈനിയൻ അന്താരാഷ്ട്ര എയർലൈൻസിന്റെ വിമാന സർവ്വീസ് ഉണ്ട്. ഷാർജ, ദുബായ്, ദോഹ, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങൾ വഴി എയർ അറേബ്യ, ഫ്ളൈ ദുബയ്, ഖത്തർ എയർവെയ്സ് എന്നിവയുടെ കണക്ടിംഗ് സർവ്വീസുകളുമുണ്ട്. 

Russian Ukraine Conflict: സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ; കണ്ടാല്‍ വിശ്വസിക്കാമെന്ന് ഉക്രൈന്‍

യുക്രൈനിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാനും കോഴ്സുകളെ ബാധിക്കാതിരിക്കാനും സർവ്വകലാശാലകളുമായി എംബസി ചർച്ച നടത്തും. വിമാന ടിക്കറ്റുകൾ കിട്ടാനില്ലെന്നും അടുത്തുള്ള നഗരങ്ങളിൽ നിന്ന് സർവ്വീസ് ഇല്ലെന്നും വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചിരുന്നു. പല സർവ്വകലാശാലകളും കോഴ്സ് മുടങ്ങിയാൽ ഉത്തവാദിത്തം എല്ക്കില്ല എന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിൻറെ വിശദീകരണം.


ദില്ലിയിലും കീവിലും കൺട്രോൾ റൂമുകൾ 

കൺട്രോൾ റൂം - ദില്ലി

0091-11-23012113
0091-11-23014104
0091-11-23017905

ഫാക്സ്
0091-11-23088124

ഇമെയിൽ
situationroom@mea.gov.in

കൺട്രോൾ റൂം - കീവ്

00380 997300428