ഇന്നലത്തെ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഒരു പോലീസുകാരനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്
ദില്ലി: ഇസ്രായേലിലെ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കൊല്ലപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു. ഇസ്രയേലിലെ ടെൽ അവീവിൽ ഇന്നലെ രാത്രിയാണ് ആയുധധാരി ആക്രമണം നടത്തിയത്.
ടെൽ അവീവിലെ നെയ് ബ്രോക്കിൽ ആണ് ഇസ്രയേലിനെ നടുക്കിയ തീവ്രവാദി ആക്രമണം ഉണ്ടായത്. മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് വെടിവെക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 26 വയസുള്ള പലസ്തീൻകാരനായ ദിയ ഹമർഷ ആയിരുന്നു ഈ അക്രമിയെന്ന് തിരിച്ചറിഞ്ഞു.
ഇയാളെ സംഭവസ്ഥലത്ത് തന്നെ പോലീസ് വെടിവെച്ചു കൊന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട നാലു പേർ സാധാരണക്കാരും ഒരാൾ പോലീസുകാരനുമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമായി ഇസ്രയേലിൽ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ബേർശേബാ പട്ടണത്തിൽ അക്രമി ഒരാൾക്കുമേൽ കാറോടിച്ചു കയറ്റുകയും മൂന്നു പേരെ കുത്തികൊല്ലുകയും ആയിരുന്നു.
ഹാദേരയിൽ രണ്ടു തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ ഈ അക്രമികളെ പിന്നീട് പോലീസ് വെടിവെച്ചുകൊന്നു. സംഭവങ്ങളെ തുടർന്ന് ഇസ്രയേലിൽ പ്രധാന നഗരങ്ങളിൽ സുരക്ഷാ ശക്തമാക്കി. ധീരമായ ആക്രമണം നടത്തിയ ആളെ അഭിനന്ദിക്കുന്നതായി പലസ്തീൻ ഭീകര സംഘടനയായ ഹമാസ് പ്രതികരിച്ചു.
എന്നാൽ നിരപരാധികൾക്കുനേരെയുള്ള ആക്രമണത്തെ അപലപിക്കുന്നതായി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. അറബ് ഭീകരതയുടെ തരംഗത്തെയാണ് ഇസ്രായേൽ ഇപ്പോൾ നേരിടുന്നതെന്നും ഭീകരതയ്ക്ക് മേൽ രാജ്യം വിജയം നേടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറഞ്ഞു. ഇസ്രായേൽ അടിയന്തിര ഉന്നതതല സുരക്ഷായോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
ഇസ്രയേലിനുള്ളിൽ പലസ്തീൻകാർ കഴിയുന്ന മേഖലകളിൽ കടുത്ത പരിശോധനകൾ നടക്കുകയാണ്. ഇന്ത്യയും അമേരിക്കയും ബ്രിട്ടനും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഇന്ത്യ പങ്കുചേരുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
