ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ്. 

കശ്മീർ വിഷയത്തിൽ രണ്ടു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിന് യുഎൻ ഇന്ന് സാക്ഷ്യം വഹിക്കും. നരേന്ദ്ര മോദി ജമ്മുകശ്മീർ പരാമർശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത. 

ഇമ്രാൻഖാൻറെ പ്രസംഗത്തിൽ കശ്മീരിനാകും പ്രധാന ഊന്നൽ. പാകിസ്ഥാൻറെ വാദങ്ങൾക്ക് ശക്തമായ മറുപടി പൊതുസഭയിൽ നല്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനിയുമായി മോദി കൂടിക്കാഴ്ച നടത്തി.