ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കക്ക് പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞതാണെന്ന ആരോപണം. പാക് ഹൈക്കമ്മീഷൻ പങ്കുവെച്ച ചിത്രങ്ങൾ വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തു. ഇന്ത്യയുടെ സഹായത്തിന് ശ്രീലങ്കൻ പ്രസിഡന്റ് ഓഫീസ് നന്ദി അറിയിച്ചു.
കൊളംബോ: ശ്രീലങ്കയിൽ 334 പേരുടെ ജീവനെടുത്ത ഡിറ്റ് വാ ചുഴലിക്കാറ്റ് ലോകത്താകെ വലിയ നോവായി നിൽക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശ്രീലങ്കക്ക് പിന്തുണയും സഹായവും എത്തിക്കാൻ മുൻനിരയിലുണ്ടായിരുന്നു. എന്നാൽ, മാനുഷിക സഹായമെന്ന പേരിൽ ശ്രീലങ്കക്ക് സാധന സാമഗ്രികൾ അയച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് പാകിസ്ഥാൻ. അയച്ച സാധനങ്ങളെല്ലാം എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊളംബോയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ കിറ്റിന്റെ ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്. മിനിറ്റുകൾക്കുള്ളിൽ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പാകിസ്ഥാൻ ഹൈകമ്മീൽൻ പങ്കുവച്ച ചിത്രം:

പങ്കുവച്ച ചിത്രം സൂം ചെയ്യുമ്പോൾ ഒക്ടോബർ 2024 എന്ന് എക്സ്പയറി ഡേറ്റ് കാണാം. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പോസ്റ്റടക്കം ഡിലീറ്റ് ചെയ്യപ്പെട്ടത്. പാകിസ്ഥാൻ അവരുടെ രാജ്യത്തെ മാലിന്യം കളയുന്നതിന് പകരം, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ശ്രീലങ്കയിലേക്ക് ദുരിതാശ്വാസത്തിനായി അയച്ചുവെന്നാണ് ഒരു ഉപയോക്താവ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം, ഇന്ത്യയുടെ ഇടപെടലിന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് നന്ദി അറിയിച്ചു. വ്യോമസേനയുടെ യുദ്ധവിമാനം മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി ലങ്കയിൽ എത്തി. ലങ്കൻ ആരോഗ്യ വകുപ്പിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. പരിശീലനം നൽകാൻ പ്രത്യേക മെഡിക്കൽ സംഘവും കൊളമ്പോയിൽ എത്തി. 750 ഓളം ഇന്ത്യക്കാരെ ആണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിക്കനായത്. ഇന്ത്യൻ സർക്കാരിനും സേനാംഗങ്ങൾക്കും നാട്ടിലേക്ക് മടങ്ങിയവർ നന്ദി പറഞ്ഞു.


