പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ, വെനസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ വൻതോതിൽ വർദ്ധിപ്പിച്ചു. ഇതോടെ മെയ് മാസത്തിൽ സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറി. 

ദില്ലി: വെനസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വൻതോതിൽ വർദ്ധിപ്പിച്ച് ഇന്ത്യ. ഇതോടെ സൗദി അറേബ്യയെയും അമേരിക്കയെയും പിന്നിലാക്കി, മെയ് മാസത്തിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റി അയച്ച മൂന്നാമത്തെ വലിയ രാജ്യമായി വെനസ്വേല മാറി. മുൻമാസത്തിൽ വെനസ്വേലയിൽ നിന്നുള്ള പ്രതിദിന ഇറക്കുമതി 2,83,000 ബാരൽ ആയിരുന്നെങ്കിൽ അത് 4,17,000 ബാരലായി ഉയർന്നു. അതിനു മുൻപുള്ള ഒൻപത് മാസവും വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം ഇന്ത്യ എണ്ണ ഇറക്കുമതി തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മെയിൽ റഷ്യയിൽ നിന്നും യുഎഇയിൽ നിന്നുമാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയിട്ടുള്ളത്. മൂന്നാം സ്ഥാനത്താണ് വെനസ്വേല. ആഗോള വിപണിയിൽ വെനിസ്വേലൻ ക്രൂഡ് ഓയിലിന് താരതമ്യേന വില കുറവാണ് എന്നതു തന്നെയാണ് ഇന്ത്യൻ റിഫൈനറികളെ ഇവിടേക്ക് ആകർഷിച്ചത്.

സൾഫറിന്‍റെ അളവ് കൂടിയ വെനസ്വേലയിൽ നിന്നുള്ള എണ്ണ സംസ്കരിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള വൻകിട കമ്പനികളുടെ അത്യാധുനിക റിഫൈനറികൾക്ക് സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. മെയ് മാസത്തിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി മുൻമാസത്തെ അപേക്ഷിച്ച് 8 ശതമാനം വർദ്ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിൽ എത്തിയിട്ടുണ്ട്. എങ്കിലും, ഫെബ്രുവരിയിലെ ഇറാൻ യുദ്ധത്തിന് മുൻപുണ്ടായിരുന്ന 5.2 ദശലക്ഷം ബാരൽ എന്ന നിരക്കിലേക്ക് എത്തിയിട്ടില്ല. ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവിനെ സാരമായി ബാധിച്ചിരുന്നു. ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഫെബ്രുവരിയിൽ 9,69,000 ബാരലായിരുന്നത് മെയ് മാസത്തിൽ വെറും 51,000 ബാരലായി കുത്തനെ ഇടിഞ്ഞു.

ഇറാനിലെ തുറമുഖങ്ങൾക്ക് ചുറ്റും യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ മെയ് മാസത്തിൽ ഹോർമുസ് വഴി കപ്പുലകളുടെ വരവ് നിലച്ചു. ഈ പ്രതിസന്ധിയാണ് ബദൽ മാർഗ്ഗങ്ങൾ തേടാൻ ഇന്ത്യൻ റിഫൈനറികളെ നിർബന്ധിതമാക്കിയത്.