ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. തീവ്രവാദികളെ അയച്ച് കശ്മീരിൽ അക്രമത്തിന് പാകിസ്ഥാന്‍ ശ്രമിക്കുന്നതായി ഇന്ത്യ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷനെയാണ് അറിയിച്ചത്. അതേസമയം കശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട്ര സഭ ഇന്നലെ തള്ളിയിരുന്നു. 

കശ്മീരിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിനെ ഇന്നലെ യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മലീഹ ലോധി കണ്ടിരുന്നു. കശ്മീരിലെ സ്ഥിതിയിൽ സെക്രട്ടറി ജനറൽ ഗുട്ടെറസിന് അതിയായ ആശങ്കയുണ്ടെന്ന് വക്താവ്   സ്റ്റെഫാൻ ജാറിക് മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

തർക്കം ഏറ്റമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭ ഏകപക്ഷീയമായി ഇടപെടില്ല. ഇന്ത്യയും പാകിസ്ഥാനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് സെക്രട്ടറി ജനറലിൻറെ നിലപാടെന്നും ജാറിക് വ്യക്തമാക്കിയിരുന്നു.