ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ഇന്ന് ദില്ലിയിൽ നടക്കും. അധിക തീരുവ പിന്‍വലിക്കണമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ട് വെയ്ക്കും. അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ട്രംപിന്‍റെ ഉപദേഷ്ടാവ് രംഗത്തെത്തി
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ഇന്ന് മുതൽ ദില്ലിയിൽ നടക്കും. അമേരിക്കൻ മധ്യസ്ഥ സംഘം ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി. അധിക തീരുവ പിന്‍വലിക്കണമെന്ന നിര്‍ദേശം ഇന്ത്യ അമേരിക്കയ്ക്ക് മുമ്പാകെ വെയ്ക്കും. തീരുവ വിഷയം റഷ്യൻ എണ്ണ ഇറക്കുമതിയുമായി കൂട്ടിക്കെട്ടരുതെന്ന് നിലപാട് ഇന്ത്യ അറിയിച്ചേക്കും. അതേസമയം, വ്യാപാര ചര്‍ച്ചകള്‍ ഇന്ന് വീണ്ടും ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ രംഗത്തെത്തി. അമേരിക്കയിലേക്ക് കയറ്റുമതി വഴി കിട്ടുന്ന പണം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുകയാണെന്ന് നവാറോ ആരോപിച്ചു. ഈ പണം എടുത്ത് റഷ്യ ആയുധം വാങ്ങുകയാണെന്നും നവാറോ കുറ്റപ്പെടുത്തി. അതേസമയം, യുഎസുമായി ഒറ്റ ദിവസത്തെ ചർച്ചയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നതെന്ന് വാണിജ്യ അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാൾ എങ്ങനെ തുടർ നീക്കം വേണമെന്ന് ഇന്ന് നിശ്ചയിക്കുമെന്നും അഗർവാൾ വ്യക്തമാക്കി.



