വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും. ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തി ടാസ്‌ക് ഫോഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് അമേരിക്കയിലെ പ്രമുഖ മാധ്യമമായ വാഷിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ബൈഡന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ പ്രഖ്യാപിക്കുക. 2014ല്‍, ബരാക് ഒബാമയുടെ കാലത്ത് അമേരിക്കയുടെ 19ാമത് സര്‍ജന്‍ ജനറലായിരുന്നു വിവേക് മൂര്‍ത്തി. അന്ന് 37 വയസ്സ് മാത്രമുണ്ടായിരുന്ന മൂര്‍ത്തി, ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പിന്നീട് ട്രംപ് അധികാരത്തിലേറിയപ്പോള്‍ വിവേക് മൂര്‍ത്തിയെ പുറത്താക്കി.

ബ്രിട്ടനിലാണ് വിവേക് മൂര്‍ത്തി ജനിച്ചത്. വിവേക് മൂര്‍ത്തിയും ഫുഡ് ആന്‍ഡ് ഡ്രഗ് മുന്‍ കമ്മീഷണര്‍ ഡേവിസ് കെസ്ലറുമായിരിക്കും ടാസ്‌ക് ഫോഴ്‌സിനെ നയിക്കുകയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ബൈഡന്റെ പൊതുജനാരോഗ്യ ഉപദേശകനായിരുന്നു വിവേക് മൂര്‍ത്തി. വിവേക് മൂര്‍ത്തി അമേരിക്കയുടെ ആരോഗ്യ സെക്രട്ടറിയാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. മെയിലാണ് തന്റെ ഹെല്‍ത്ത് കെയര്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല കോണ്‍ഗ്രസ് വനിത പ്രമീള ജയപാലിനും വിവേക് മൂര്‍ത്തിക്കും ബൈഡന്‍ നല്‍കിയത്. കര്‍ണാടകയാണ് വിവേക് മൂര്‍ത്തിയുടെ കുടുംബവേര്‌.