ദില്ലി: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന ചൈനീസ് സേന തടഞ്ഞു വച്ച സൈനികരെ ഇന്നലെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പടെ പത്തു പേരെ തടഞ്ഞുവച്ചിരുന്നു എന്ന വിവരം കരസേന സ്ഥിരീകരിച്ചിട്ടില്ല. ചൈന ആസൂത്രിതനീക്കം നടത്തിയപ്പോൾ കേന്ദ്രസർക്കാർ ഉറങ്ങിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

അതേസമയം അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്ന് ഇന്നലെ കരസേന വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ
ഇംഗ്ലീഷ് ദിനപത്രത്തിൻറെ റിപ്പോർട്ട്. ഒരു ലഫ്റ്റനൻറ് കേണലും മൂന്ന് മേജർമാരും ഉൾപ്പടെ പത്തു പേരെ തടഞ്ഞു വച്ചിരുന്നു എന്ന റിപ്പോർട്ട് കരസേന സ്ഥിരീകരിച്ചിട്ടില്ല. 

രണ്ടു ദിവസമായി നടന്ന സേനാതല ചർച്ചകൾക്കു ശേഷമാണ് സൈനികരെ വിട്ടയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ആണി തറച്ച ദണ്ഡുകൾ
കാരണമുള്ള മുറിവുകൾക്കൊപ്പം കത്തികൊണ്ടുള്ള മുറിവും ചില സൈനികരുടെ  മൃതദ്ദേഹത്തിൽ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുമുണ്ട്. അടുത്തുള്ള നദിയിലേക്ക് വീണ ചിലർ കടുത്ത തണുപ്പു കാരണമാണ് മരിച്ചത്. മൂന്നു പേരെങ്കിലും ശ്വാസംമുട്ടിയാണ് മരിച്ചത്. ഗൽവാനിലെ മലനിരകളിൽ കയറിയ ചൈനീസ് സേന ഇതുവരെ പിൻമാറാൻ തയ്യാറായിട്ടില്ല.

അതേസമയം  ഗൽവാനിലെ ചൈനീസ് നീക്കം ആസൂത്രിതമായിരുന്നു എന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി പ്രതികരിച്ചു. കേന്ദ്രസർക്കാർ ഉറങ്ങിയതിൻ്റെ വില നൽകേണ്ടി വന്നത് ജവാൻമാർക്കെന്നും രാഹുൽ ആരോപിച്ചു.