ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പ്രസവ ശസ്ത്രക്രിയയിലൂടെയെങ്കിലും കുട്ടികൾക്ക് ജന്മം നൽകാനുള്ള ശ്രമമാണെന്നത്രെ ദമ്പതികൾ നടത്തുന്നത്.

ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് മറികടക്കാൻ ഇന്ത്യൻ ദമ്പതികൾ പ്രസവ ശസ്ത്രക്രിയയ്ക്ക് തിരക്ക് കൂട്ടുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഗൈനക്കോളജിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ടാണ് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഫെബ്രുവരി 20ന് മുമ്പ് സിസേയറിയനിലൂടെയെങ്കിലും കുട്ടികൾക്ക് ജന്മം നൽകാനുള്ള സാധ്യതകളാണത്രെ ആളുകൾ തിരക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ഗർഭിണികളും അവരുടെ ഭ‍ർത്താക്കന്മാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും, ഫെബ്രുവരി 20ന് മുമ്പ് സിയേറിയൻ ആവശ്യപ്പെട്ട് എത്തിയതായി ഡോക്ടർമാർ പറയുന്നു. അമേരിക്കയിൽ ജനിച്ചവർക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കുന്ന നിലവിലെ നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് അധികാരമാറ്റെടുത്ത ഉടനെ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയത്. ഇത് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഫെബ്രുവരി 19വരെ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി അമേരിക്കൻ പൗരത്വം ലഭിക്കും. അതിന് ശേഷം അമേരിക്കക്കാരല്ലാത്ത ദമ്പതികളുടെ കുട്ടികൾ അമേരിക്കയിൽ ജനിച്ചാലും സ്വാഭാവിക പൗരത്വത്തിന് അർഹരായിരിക്കില്ല.

താത്കാലിക എച്ച്1-ബി, എൽ1 വിസകളിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്ന ഗ്രീൻ കാർഡ് സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് ഇവർ. ദമ്പതികളിൽ ഒരാൾക്കെങ്കിലും ഗ്രീൻ കാർഡോ അമേരിക്കൻ പൗരത്വമോ ഇല്ലെങ്കിൽ കുട്ടികൾക്ക് പൗരത്വം ലഭിക്കില്ലെന്നത് മനസിലാക്കിയാണ് ഫെബ്രുവരി 20ന് മുമ്പ് പ്രസവ ശസ്ത്രക്രിയക്ക് വിധേയമാകാൻ ആളുകൾ തിരക്ക് കൂട്ടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗർഭ കാലത്തിന്റെ എട്ടാം മാസത്തിലും ഒൻപതാം മാസത്തിലുമുള്ള സ്ത്രീകളിൽ പ്രസവ ശസ്ത്രക്രിയ ആവശ്യപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ അളവിൽ വർദ്ധിച്ചുവെന്ന് ന്യൂജെഴ്സിൽ മെറ്റേണിറ്റി ക്ലിനിക്ക് നടത്തുന്ന ഡോ. എസ്.ഡി രമയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഗർഭകാലം പൂർത്തിയാക്കുന്നതിന് ഏതാനും മാസങ്ങൾ ശേഷിക്കുന്നവർ പോലും ഇത്തരത്തിൽ സാധ്യതകൾ തേടുന്നുണ്ടത്രെ. 

ഏഴ് മാസം ഗർഭിണിയായ ഒരു സ്ത്രീ കഴിഞ്ഞ ദിവസം ഭ‍ർത്താവിനൊപ്പം എത്തി ഗർഭകാലം പൂർത്തിയാകുന്നതിന് മുമ്പ് പ്രസവ ശസ്ത്രക്രിയക്ക് വിധേയാമാകാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും ഡോക്ടർ പറയുന്നു. മാർച്ചിലാണ് ഈ സ്ത്രീയ്ക്ക് പ്രസവ തീയ്യതി നിശ്ചയിച്ചിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ഡോക്ടറിൽ വിശദീകരിക്കുന്നു.

ടെക്സസിലെ ഗൈനക്കോളജിസ്റ്റായ ഡോ. എസ്.ജി മുക്കാലയുടെ അനുഭവവും റിപ്പോർട്ടുകളിലുണ്ട്. രണ്ട് ദിവസം കൊണ്ട് 20 ദമ്പതികൾ തന്നെ സിസിയേറിയൻ ആവശ്യപ്പെട്ട് സമീപിച്ചതായി അദ്ദേഹവും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ദമ്പതികളെ ബോധവത്കരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ശ്വാസകോശം പൂർണമായി വികസിക്കാത്തതും മുലപ്പാൽ കുടിക്കാൻ സാധിക്കാത്തതും ഭാരക്കുറവും ന്യൂറോളജിക്കൽ പ്രശ്നങ്ങളുമൊക്കെ ഇത്തരം കുട്ടികൾക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുവന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം