അമേരിക്കയിലെ ദല്ലാസിൽ, ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ ദന്ത ഡോക്‌ടർ ചന്ദ്രശേഖർ (27) വെടിയേറ്റ് കൊല്ലപ്പെട്ടു. ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതൻ വെടിവെച്ചത്. ഡെൻ്റൽ സർജറിയിൽ ഉന്നതപഠനത്തിനായി അമേരിക്കയിലെത്തിയതായിരുന്നു.
ദല്ലാസ്: അമേരിക്കയിലെ ദല്ലാസിൽ ഇന്ത്യൻ ദന്ത ഡോക്‌ടറെ വെടിവച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ 27കാരൻ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ദല്ലാസിലെ ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ജോലി ചെയ്യുന്നതിനിടെ ഇവിടെയെത്തിയ അജ്ഞാതൻ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഹൈദരാബാദിൽ നിന്ന് ഡെൻ്റൽ സർജറിയിൽ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ചന്ദ്രശേഖർ 2023 ൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് യുഎസിലേക്ക് കുടിയേറിയത്.
ആറ് മാസം മുൻപ് യുഎസിൽ ഡെൻ്റൽ സർജറിയിൽ മാസ്റ്റേർസ് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം, ഇതേ മേഖലയിൽ തൊഴിലിനായി ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഉപജീവനത്തിനായാണ് ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ജോലി ചെയ്തിരുന്നത്. യുവാവിൻ്റെ കുടുംബവുമായി സമ്പർക്കത്തിലാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
മൃതദേഹം നാട്ടിൽ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. അമേരിക്കയിൽ പാർട് ടൈം ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാകെ ചന്ദ്രശേഖറിൻ്റെ കൊലപാതകം വെല്ലുവിളിയാണ്.


