Asianet News MalayalamAsianet News Malayalam

നയതന്ത്രവിജയം, ഇന്ത്യൻ പ്രതിനിധി ഇസ്ലാമാബാദിൽ കുൽഭൂഷൺ ജാദവിനെ കണ്ടു

അന്താരാഷ്ട്ര നീതിന്യായകോടതിയിൽ ഏറെക്കാലം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് കുൽഭൂഷണിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിൽ ഇന്ത്യക്ക് അനുകൂലമായ വിധി ലഭിച്ചത്. 

indian diplomats meeting kulbhushan jadhav in islamabad
Author
Islamabad, First Published Sep 2, 2019, 1:06 PM IST

ഇസ്ലാമാബാദ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാകിസ്ഥാനിലെത്തി കുൽഭൂഷൺ ജാദവിനെ കാണുകയാണ്. പാക് വിദേശകാര്യമന്ത്രാലയത്തിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയാണ് കുൽഭൂഷണെ സന്ദർശിക്കുന്നത്. കുൽഭൂഷണ് നയതന്ത്ര സഹായം ലഭിക്കണമെന്നതിൽ ഏറെക്കാലം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്. 

കുല്‍ഭൂഷണ്‍ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. 

കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംസാരം റെക്കോഡ് ചെയ്യുമെന്നും ഉപാധികളോടെ മാത്രമേ കാണാനാകൂ എന്നുമായിരുന്നു പാകിസ്ഥാൻ വ്യക്തമാക്കിയത്. ഇത് അംഗീകരിച്ചാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം അത്യന്തം വഷളായതിനിടെയാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.

ഇന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കുൽഭൂഷണ് കൂടിക്കാഴ്ച നടത്താമെന്ന് പാകിസ്ഥാൻ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിദേശകാര്യമന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച തുടങ്ങിയിരിക്കുന്നത്. 

2016 മാർച്ച് 3-നാണ് പാക് സുരക്ഷാ ഏജൻസികൾ ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരൻമാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. 

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു. 

indian diplomats meeting kulbhushan jadhav in islamabad

:ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാക് വിദേശകാര്യമന്ത്രാലയത്തിലേക്ക്

Follow Us:
Download App:
  • android
  • ios