ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും നിർദേശം
ടെഹ്റാൻ: ഇസ്രയേൽ ഇന്ന് പുലർച്ചെ ഇറാനിൽ ആക്രമണം നടത്തുകയും ഇറാൻ തിരികെ ഡ്രോൺ ആക്രമണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു.
ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുകയും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഈ അറിയിപ്പിൽ എംബസി വിശദീകരിക്കുന്നു.
ഇസ്രയേൽ വ്യോമ സേനയുടെ ഇരുന്നൂറിലധികം യുദ്ധ വിമാനങ്ങളാണ് ഇന്ന് പുലർച്ചെ ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് എഫ്ഫി ഡെഫ്രിൻ വർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചാണ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെവന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
