ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രത വേണമെന്നും ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നുമാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുള്ളത്.

ടെഹ്റാന്‍: ഇസ്രയേലിലെ ഇന്ത്യക്കാർക്ക് നിർദേശങ്ങൾ നല്‍കി ഇന്ത്യൻ എംബസി. ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നൽകാനുള്ള ലിങ്ക് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്രയേലിൽ തുടരാൻ താൽപര്യമുള്ളവർ എംബസിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണം.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമേനി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൗരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം. ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ കക്ഷിയായിരിക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്.