ഇറാനിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അമേരിക്കൻ സൈനിക നീക്കത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരെ നടക്കുന്ന പ്രതിഷേധം ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുകയാണ്
വാഷിങ്ടൺ ഡിസി: ജനകീയ പ്രക്ഷോഭം ശക്തമായ ഇറാനിൽ അമേരിക്ക ആക്രമണത്തിന് തയ്യാറെടുക്കുമോ? ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സൈനിക ഉദ്യോഗസ്ഥർ പ്രസിഡൻ്റ് ട്രംപുമായി സംസാരിച്ചെന്ന് ന്യൂയോർക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം ഇറാൻ ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് കൂടുതൽ ശക്തമാവുകയാണ്.
രാജ്യത്തെമ്പാടും ഇൻ്റർനെറ്റ് നിരോധിച്ചിട്ടും പ്രക്ഷോഭത്തെ അടക്കിനിർത്താൻ ഇറാൻ ഭരണകൂടത്തിന് സാധിച്ചില്ല. ജീവിതച്ചെലവ് വ്യാപിച്ചതും ഇറാൻ്റെ കറൻസി മൂല്യം ഇടിഞ്ഞതുമാണ് ജനത്തെ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ ഇതുവരെ 72 പേർ കൊല്ലപ്പെട്ടതായും 2300 ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. കൃത്യമായ കണക്ക് ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതിഷേധക്കാരെ ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമായ ദൈവത്തിൻ്റെ ശത്രുക്കളായി കണക്കാക്കുമെന്നാണ് ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി വ്യക്തമാക്കിയത്. പ്രതിഷേധക്കാർക്ക് കീഴടങ്ങില്ലെന്ന നിലപാടിലാണ് അയത്തൊള്ള അലി ഖമനേയി. 1980-ൽ അന്തരിച്ച ഇറാന്റെ മുൻ രാജാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ പിന്തുണച്ച് പ്രക്ഷോഭകർ മുദ്രാവാക്യം മുഴക്കിയതും, രാജാവിൻ്റെ മകൻ റെസ പഹ്‌ലവി പ്രതിഷേധം തുടരാൻ ആവശ്യപ്പെട്ടതും ഖമനേയിയേയും കൂട്ടരേയും കൂടുതൽ അസ്വസ്ഥരാക്കിയിട്ടുണ്ട്.
പ്രതിഷേധം ഇറാന് പുറത്തേക്കും വ്യാപിക്കുന്നുണ്ട്. ലണ്ടനിലെ കെൻസിംഗ്ടണിലെ ഇറാൻ എംബസിയുടെ ബാൽക്കണിയിൽ കയറിയ സമരാനുകൂലി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക വലിച്ചുകീറി. 1979 ന് മ്പ് രാജവാഴ്ച കാലത്തെ "സിംഹവും സൂര്യനും" എന്ന ചിഹ്നം ഇവിടെ സ്ഥാപിക്കുകയും ചെയ്തു. ഇവിടെ തടിച്ചുകൂടിയ ഇറാൻ പൗരന്മാർ കൈയ്യടിച്ചും മുദ്രാവാക്യം മുഴക്കിയും ആഹ്ലാദം പ്രകടിപ്പിച്ചു.


