സുപ്രധാന ഇസ്രായേലി നഗരങ്ങൾ ഉന്നമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു എന്നാണ് റിപ്പോർട്ട്.

ദില്ലി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രത നിർദേശവുമായി, ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേൽ അധികൃതർ നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അനാവിശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ്‌ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി അറിയിച്ചു.

ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇറാന്‍റെ അവകാശവാദം. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നപേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്നപേരിലാണ് പ്രത്യാക്രമണം നടത്തുന്നത്. ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തൽ.

സുപ്രധാന ഇസ്രായേലി നഗരങ്ങൾ ഉന്നമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു എന്നാണ് റിപ്പോർട്ട്. 60 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ 40 ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റു. ജറുസലേമിൽ ഉഗ്ര സ്ഫോടനം ഉണ്ടായി.