ഇറാന് 551 യുദ്ധ വിമാനങ്ങൾ ഉള്ളപ്പോൾ, ഇസ്രായേലിന് 612 വിമാനങ്ങളുണ്ട്. ഒരു പ്രധാന കാര്യം, ഇസ്രായേലിന്റെ വ്യോമസേനയിൽ F 15, F 16, F 35 പോലുള്ള ഏറ്റവും ആധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്നു എന്നതാണ്.

ടെൽ അവീവ്: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേല്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. യുദ്ധഭീതിയിലാണ് അറബ് രാജ്യങ്ങൾ. ഇറാൻ ഇസ്രായേൽ പോര് യുദ്ധത്തിന്റെ വക്കോളമെത്തി നിൽക്കുമ്പോൾ വിപണിയും തൊഴിൽ മേഖലയും തകരുമെന്ന് ഭീതിക്ക് പുറമേ, ഏറ്റുമട്ടൽ കനത്ത ദുരന്തത്തിലേക്കെത്തുമെന്ന ഭീതിയിലാണ് ഇരു രാജ്യങ്ങളിലേയും ജനത. ഇസ്രായേലിനേക്കാൾ പത്തിരട്ടി ജനസംഖ്യയുള്ള രാജ്യമാണ് ഇറാൻ. ഇറാന്‍റെ ജനസംഖ്യ 8,75,90,873 ആണ്. ഇസ്രായേലിന്‍‌റെ ജനസംഖ്യ 90,43,387 മാത്രവും. നേരിട്ടുള്ള യുദ്ധം ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് ജീവനെടുക്കും.

പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും വലിയ സായുധ സേനകളിൽ ഒന്നാണ് ഇറാനിയൻ സായുധ സേന, 5,80,000 മുഴുവന്‍ സമയ സൈനികരും, ഏകദേശം 200,000 പരിശീലനം ലഭിച്ച റിസർവ് ഉദ്യോഗസ്ഥരും ഇറാനിയൻ സായുധ സേനയുടെ ഭാഗമാണ്. കരസേന, നാവികസേന, അർദ്ധസൈനിക വിഭാഗങ്ങളിലായി 1,69,500 സജീവ സൈനികരാണ് ഇസ്രായേലിനുള്ളത്. 4,65,000 പേർ കൂടി അവരുടെ റിസർവ് സേനയിൽ അംഗങ്ങളാണ്. 8,000 പേർ അർദ്ധസൈനിക വിഭാഗത്തിൽ അംഗങ്ങളാണ്. ഇസ്രായേലിന്റെ പ്രതിരോധ ബജറ്റ് 24 ബില്യൺ ഡോളറാണ്, അതേസമയം ഇറാന്റേത് 9.95 ബില്യൺ ഡോളറും.

ഇറാന് 551 യുദ്ധ വിമാനങ്ങൾ ഉള്ളപ്പോൾ, ഇസ്രായേലിന് 612 വിമാനങ്ങളുണ്ട്. ഒരു പ്രധാന കാര്യം, ഇസ്രായേലിന്റെ വ്യോമസേനയിൽ F 15, F 16, F 35 പോലുള്ള ഏറ്റവും ആധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്നു എന്നതാണ്. എന്നാല്‍ ഇറാന് അത്തരം ആധുനിക യുദ്ധവിമാനങ്ങളുടെ ശേഖരമില്ല. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം ലോകത്തിലെ തന്നെ മികച്ചതാണ്. അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, ആരോ, ദി പാട്രിയറ്റ് എന്നിവ ഉൾപ്പെടുന്നതാണ് വ്യോമ പ്രതിരോധ സംവിധാനം.

ഇറാന്റെ മിസൈൽ ആയുധശേഖരം താരതമ്യപ്പെടുത്താനാവാത്തതാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരങ്ങളിലൊന്ന് ഇറാനിലുണ്ട്. അതിൽ ക്രൂയിസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടുന്നു. ഇസ്രായേൽ ഉൾപ്പെടെ ഏത് ലക്ഷ്യത്തെയും ആക്രമിക്കാനുള്ള ശേഷിയും ദൂരപരിധിയും ഇവയ്ക്കുണ്ട്.

ഇസ്രായേലിന് കരയില്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള 1,370 ടാങ്കുകളുണ്ട്. ഇറാന് ഇത് 1,996 ആണ്. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച മെർക്കവ ടാങ്കുകൾ പോലുള്ള കൂടുതൽ നൂതന ടാങ്കുകൾ ജൂത രാഷ്ട്രത്തിന്റെ ആയുധപ്പുരയിലുണ്ട്. മികച്ച നാവിക സേനയാണ് ഇരു രാജ്യങ്ങൾക്കുമുള്ളത്. ഇറാന്റെ പക്കൽ 101 യുദ്ധ കപ്പലുകളുള്ളപ്പോൾ ഇസ്രായേൽ സേനയുടെ പക്കലുള്ളത് 61 എണ്ണം. ഇറാന്റെ പക്കൽ 19 സബ്മറൈൻ ഷിപ്പുകളുള്ളപ്പോൾ ഇസ്രായേലിന്റെ കൈവശമുള്ളത് 5 എണ്ണമാണ്.

ആണവ ആയുധങ്ങൾ കയ്യിൽ വയ്ക്കുന്നതിനെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടൽ. 80 ആണവായുധങ്ങൾ ഇസ്രായേലിന്റെ പക്കലുണ്ടെന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ യുദ്ധ വിമാനത്തിൽ നിന്ന് നിക്ഷേപിക്കാൻ പറ്റുന്ന മുപ്പതെണ്ണമുണ്ട്. ബാക്കി 50 ആയുധങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാക്കുന്നതാണ്. അതേസമയം ഇറാന്റെ ആണവ ശേഷിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. അതാണ് ഇസ്രായേലിനേയും അമേരിക്കയേയും അടക്കം ആശങ്കയിലാഴ്ത്തുന്നത്.