സിങ്കപ്പൂര്‍: എയര്‍ ഹോസ്റ്റസിനെ അപമാനിച്ച കേസില്‍ ഇന്ത്യന്‍ വംശജന് സിങ്കപ്പൂരില്‍ നാല് മാസം തടവുശിക്ഷ. കൊച്ചിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള  യാത്രക്കിടെ 2017 നവംബര്‍ 2നാണ് വിജയന്‍ മന്‍ ഗോപാല്‍ എന്നയാള്‍ എയര്‍ ഹോസ്റ്റസിനെ അപമാനിച്ചത്. ക്വാളിറ്റി അഷ്വറന്‍സ് എഞ്ചിനിയറാണ് ഗോപാല്‍. 22 കാരിയെ അപമാനിച്ച കേസില്‍ ഇയാള്‍ക്കെതിരെ നടന്ന വിചാരണക്കൊടുവിലാണ് കുറ്റക്കാരനായി കണ്ടെത്തി, നാല് മാസം തടവിന് ശിക്ഷിച്ചത്. വിമാനത്തിനുള്ളില്‍ വച്ച് നിരന്തരമായി അനാവശ്യകാര്യങ്ങള്‍ക്ക് ഗോപാല്‍ യുവതിയെ ശല്യംചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഇനിയും ഇത് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞെങ്കിലും അയാള്‍ അത് തുടര്‍ന്നു. 

എയര്‍ഹോസ്റ്റസിനെ വിളിച്ചുവരുത്തിയ ഗോപാല്‍ മുഖത്ത് തലോടിക്കൊണ്ട്  'നീ സുന്ദരിയാണ്' എന്ന് പറഞ്ഞു. ഇത് യുവതിയെ ചൊടിപ്പിച്ചു. എന്നാല്‍ യാത്രക്കാരനായതിനാല്‍ മുഖം കറുപ്പിച്ച് ഒന്നും പറയാന്‍ അവര്‍ക്കായില്ല. പകരം കുതറിമാറി സര്‍, സര്‍, സര്‍ എന്ന് അവര്‍ ഉറക്കെ ശബ്ദിച്ചു. ഇതിന് 'നിന്‍റെ ദേഷ്യം എന്നോടുവേണ്ട, ഞാനാണ് ഈ വിമാനത്തിന്‍റെ ഉടമ' എന്നായിരുന്നു അയാളുടെ മറുപടി. യുവതി അവിടെനിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഗോപാല്‍ അവരുടെ കയ്യില്‍ കയറിപ്പിടിച്ചു. മാത്രമല്ല, അയാള്‍ അവളുടെ അരക്കെട്ടില്‍ പിടിക്കുകയും ചെയ്തു. യുവതി ഇത് പ്ലെയിന്‍ ക്യാപ്റ്റന്‍റെ പക്കല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 

യുവതിയും അവളുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നായിരുന്നു ഗോപാലിന്‍റെ പ്രതികരണം. എന്നാല്‍ മാനസ്സികമായേറ്റ മുറിവിന് തെളിവുനല്‍കാനാവില്ലെന്നാണ് വിധി പ്രഖ്യാപിക്കുമ്പോള്‍ ജഡ്ജ് വ്യക്തമാക്കിയത്. കേസ് റെജിസ്റ്റര്‍ ചെയ്തതോടെ ഗോപാലിന് ജോലി നഷ്ടപ്പെട്ടിരുന്നു. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളതെന്നാണ് സിങ്കപ്പൂര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.