27ന് യുവാവിനെ കാണാതായി മൂന്ന് ദിവസം കഴി‌ഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതായപ്പോൾ സഹോദരനും അഭിഭാഷകനും 31ന് തന്നെ മാലിയിലെത്തിയിരുന്നു.

ആഗ്ര: മാലിദ്വീപിൽ കടലിൽ മുങ്ങിയ ഇന്ത്യൻ യുവാവിനെക്കുറിച്ച് 12 ദിവസത്തിന് ശേഷവും ബന്ധുക്കൾക്ക് വിവരമൊന്നും ലഭിക്കുന്നില്ലെന്ന് പരാതി. നേരിട്ട് മാലിദ്വീപിലെത്തി അന്വേഷിച്ചിട്ട് പോലും വിവരങ്ങൾ കൈമാറാനോ സഹകരിക്കാനോ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉത്തർപ്രദേശില ആഗ്ര സ്വദേശിയായ അഫ്താബ് ഖാന്റെ (24) ബന്ധുക്കളാണ് ദിവസങ്ങളായി അലയുന്നത്.

മാലിദ്വീപിലെ ഒരു ആഡംബര റിസോർട്ടിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന അഫ്താബ് ജനുവരി 27നാണ് അവസാനമായി സഹോദരിയോട് സംസാരിക്കുന്നത്. അന്ന് വൈകുന്നേരം അഞ്ചരയോടെ അഫ്താബ് ജോലി ചെയ്തിരുന്ന ഇഫുറു ഐലന്റ് റിസോർട്ടിലെ എച്ച്.ആർ വിഭാഗത്തിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. അഫ്താബ് കടയിൽ മുങ്ങിപ്പോയി എന്നായിരുന്നു അറിയിപ്പ്.

ദിവസങ്ങൾ കഴിഞ്ഞും വിവരമൊന്നും ലഭിക്കാതായപ്പോൾ അഫ്താബിന്റെ സഹോദരനും അഭിഭാഷകനും കൂടി ജനുവരി 31ന് മാലിദ്വീപിലെത്തി. പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മാലി അധികൃതർ മറ്റ് വിവരങ്ങളൊന്നും നൽകുന്നില്ലെന്ന് ഇവ‍ർ പറഞ്ഞു. ഫെബ്രുവരി 1ന് മാലിദ്വീപിനെ ഇന്ത്യൻ എംബസിയെ സമീപിച്ചു. അഫ്താബിനായി തെരച്ചിൽ നടക്കുകയാണെന്നാണ് എംബസിക്ക് കിട്ടിയ വിവരം. റിസോർട്ടിൽ പോയെങ്കിലും അഫ്താബിന്റെ ഫോണോ സിസിടിവി ദൃശ്യങ്ങളോ അവർ കൈമാറിയിട്ടില്ല. പാസ്‍പോർട്ടും മറ്റ് രേഖകളും മാത്രം സീൽ ചെയ്ത കവറിൽ തിരികെ നൽകി.

കഴിഞ്ഞ വർഷമാണ് അഫ്താബ് മാലിദ്വീപിലേക്ക് പോയത്. മുങ്ങിപ്പോയ സമയത്ത് പരംജീത് എന്നൊരാൾ കൂടി ഒപ്പമുണ്ടായിരുന്നെന്നും ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതായും അറിയാൻ സാധിച്ചു. ഇദ്ദേഹം ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ സംസാരിക്കാൻ സാധിക്കില്ല. അഫ്താബിന്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. ഈ വർഷം നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ വാർത്ത പുറത്തുവരുന്നത്. തെളിവ് കിട്ടാതെ അഫ്താബിന് എന്തെങ്കിലും സംഭവിച്ചുവെന്ന വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ തേടി സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം