കിഗലി(റുവാണ്ട): കിഴക്കന്‍ ആഫ്രിക്ക രാജ്യമായ റുവാണ്ടയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ ആള്‍ ഇന്ത്യക്കാരന്‍. നോവല്‍ കൊറോണ പോസിറ്റീവ് ആകുന്ന ആദ്യത്തെ ആളാണ് ഇത്. മുംബൈയില്‍ നിന്ന് മാര്‍ച്ച് എട്ടിനാണ് ഇയാള്‍ റുവാണ്ടയിലെ കിഗലിയില്‍ എത്തിയത്. റുവാണ്ടയില്‍ എത്തുമ്പോള്‍ കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. മാര്‍ച്ച് പതിമൂന്നിന് റുവാണ്ട ആരോഗ്യ വകുപ്പില്‍ ഇയാള്‍ സ്വമേധയാ ബന്ധപ്പെടുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

നിലവില്‍ ഇയാളുടെ സ്ഥിതി ഗുരുതരമല്ല. ഐസൊലേഷനിലാണ് ഇയാള്‍ കഴിയുന്നത്. ഇയാളുമായി ഏതെങ്കിലും രീതിയില്‍ ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റുവാണ്ടയിലെ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് റുവാണ്ടയിലെ  ആരോഗ്യമന്ത്രി ഈവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ രണ്ടാമത്തെ സംഭവമാണ് ഇത്. കെനിയയിലാണ് മേഖലയിലെ ആദ്യ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. 

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 5000 ജീവനുകള്‍ ഇതിനോടകം അപഹരിച്ചുകഴിഞ്ഞു. ഇതിനോടകം 134000 അധികം ആളുകള്‍ 110 രാജ്യങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സംഭവങ്ങള്‍ 84ആയി. കര്‍ണാടകയിലും ദില്ലിയിലും കൊവിഡ് 19 ബാധിച്ച് മരിച്ചവര്‍ ഉള്‍പ്പെടെയാണ് ഇത്.