കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂറിനെ പിന്തുടർന്ന് ശല്യം ചെയ്തിരുന്ന യുവാവ് വെടിവച്ചുകൊന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പൊലീസ് പിന്തുടർന്നെത്തിയപ്പോൾ സ്വയം വെടിവെച്ച് മരിച്ചു.

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ - ആർക്കേഡ് പ്രദേശത്തെ പെനേര ബ്രെഡ് റെസ്റ്റോറന്‍റിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ യുവാവ് കാറിനുള്ളിൽ വച്ച് സ്വയം നിറയൊഴിച്ചു. റെസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന ശാലിനി താക്കൂറിനെ മാസങ്ങളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന രോഹിത് (22) എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം റെസ്റ്റോറന്റിന് പുറത്തുവെച്ച് രോഹിതും ശാലിനിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രോഹിത് തോക്കെടുത്ത് ശാലിനിയെ ആക്രമിക്കുകയുമായിരുന്നു. ഭയന്നോടിയ ശാലിനിയെ പിന്തുടർന്ന് രോഹിത് നിരവധി തവണ വെടിവെച്ചു. നിലത്തുവീണ ശാലിനിക്ക് നേരെ ഇയാൾ തൊട്ടടുത്തുനിന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തു വെച്ച് തന്നെ ശാലിനി മരിച്ചു.

കൊലപാതകത്തിന് ശേഷം കാറിൽ കയറി രോഹിത് അവിടെനിന്ന് രക്ഷപ്പെട്ടു. സാക്ഷികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വാഹനത്തിന്റെ വിവരങ്ങൾ പൊലീസ് ലൈസൻസ് പ്ലേറ്റ് റീഡർ സിസ്റ്റത്തിൽ രേഖപ്പെടുത്തി. മിനിറ്റുകൾക്കകം ഹൈവേ 50-ൽ ഇയാളുടെ വാഹനം പൊലീസ് കണ്ടെത്തുകയും വളയുകയും ചെയ്തു. പൊലീസ് വാഹനം തടഞ്ഞതോടെ കാർ നിർത്തിയ രോഹിത് സ്വയം വെടിവെച്ച് ജീവനൊടുക്കി. പൊലീസ് വെടിയുതിർത്തിട്ടില്ലെന്നും കാറിനുള്ളിൽ രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

രോഹിത് കഴിഞ്ഞ ഒരു വർഷമായി ശാലിനിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് അമ്മ സുദേഷ് കുമാരി പറഞ്ഞു. പ്രായവ്യത്യാസം കാരണം വിവാഹാഭ്യർത്ഥന ശാലിനി നിരസിച്ചതാണ് രോഹിതിനെ പ്രകോപിപ്പിച്ചത്. ശാലിനിയുടെ കാറിന്റെ ടയറുകളിലെ കാറ്റഴിച്ചുവിടുക, വാഹനത്തിന് അടിയിൽ ആപ്പിൾ എയർടാഗ് പിടിപ്പിച്ച് യാത്രകൾ നിരീക്ഷിക്കുക തുടങ്ങിയ രീതികളിൽ ഇയാൾ ശല്യം തുടർന്നു. ഒരിക്കൽ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി ശാലിനി ഉറങ്ങിക്കിടക്കുമ്പോൾ മുറിയിൽ അതിക്രമിച്ചു കയറുകയും ചെയ്തിരുന്നുവെന്ന് അമ്മ പറഞ്ഞു.

രോഹിതിന്‍റെ ഉപദ്രവം സഹിക്കാനാവാതെ ശാലിനി കോടതിയെ സമീപിക്കുകയും രോഹിതിനെതിരെ ഉത്തരവ് നേടുകയും ചെയ്തിരുന്നു. ശാലിനിയെ ശല്യം ചെയ്യരുതെന്ന ഉത്തരവ് മെയ് 19-ന് നിലവിൽ വന്നെങ്കിലും ഇയാൾ അത് ലംഘിച്ചു. ആക്രമിക്കപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് ശാലിനി അവസാനമായി അമ്മയോട് ഫോണിൽ സംസാരിച്ചത്. തന്റെ ഏക മകളെ സംരക്ഷിക്കുന്നതിൽ പൊലീസിനും അധികൃതർക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സുദേഷ് കുമാരി പറഞ്ഞു. രോഹിത് അനധികൃത കുടിയേറ്റക്കാരനായിരുന്നുവെന്നും നേരത്തെ അലാസ്കയിൽ വെച്ച് തടങ്കലിലായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.