ഇറാഖിൽ നിന്ന് സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ ഭീകരാക്രമണത്തെ തുടർന്ന് പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

അബുദാബി: ഇറാഖിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ പൈപ്പ്‌ലൈനുകൾക്ക് നേരെയാണ് ശത്രുതാപരമായ ആക്രമണമുണ്ടായത്.

സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ സുരക്ഷയെയും മേഖലയുടെ സ്ഥിരതയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ അടിയന്തര പ്രതിരോധ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്' നേരെ ഇറാഖ് ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് പൈപ്പ് ലൈനിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ്ജ മന്ത്രാലയമാണ് അറിയിച്ചത്.

മദീനയ്ക്ക് സമീപമുള്ള പൈപ്പ്‌ലൈൻ പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നത് യൂറോപ്യൻ ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖി മണ്ണിൽ നിന്ന് അയൽരാജ്യങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഇറാഖ് ഭരണകൂടത്തിന് അവസരം നൽകണമെന്ന ഇറാഖി പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് സൗദി താൽക്കാലികമായി തിരിച്ചടി ഒഴിവാക്കിയത്. എന്നാൽ രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് നിമിഷവും തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.