'ഒരുപാട് കഷ്ടപ്പെട്ടു, നല്ല ജോലി കിട്ടാൻ അയച്ചതാ': ഹൃദയം തകർന്ന് അമേരിക്കയിൽ കൊല്ലപ്പെട്ട വരുണിന്‍റെ കുടുംബം
വരുണ്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, ആരോടും വഴക്കുണ്ടാക്കാത്ത കുട്ടിയാണ്. അവനെ എന്തിനിങ്ങനെ ക്രൂരമായി ആക്രമിച്ചെന്ന് മനസ്സിലാവുന്നില്ലെന്ന് അച്ഛന്‍

ഹൈദരാബാദ്: അമേരിക്കയില്‍ ജിമ്മില്‍ കുത്തേറ്റ് കൊല്ലപ്പെട്ട തെലങ്കാന സ്വദേശിയുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് കുടുംബം. ഇന്ത്യാനയിലെ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ വരുണ്‍ രാജ് പുച്ചയാണ് കൊല്ലപ്പെട്ടത്. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന വരുണിനെ എന്തിന് ആക്രമിച്ചെന്ന് മനസ്സിലാവുന്നില്ലെന്ന് പിതാവ് രാമമൂര്‍ത്തി പറഞ്ഞു.
"വരുണിനും അവന്റെ സഹോദരിക്കും നല്ല വിദ്യാഭ്യാസം നൽകാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അവൻ കഠിനാധ്വാനിയായിരുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞാല്‍ നല്ല ജോലി ലഭിക്കുമെന്ന് കരുതിയാണ് ഞാൻ അവനെ അമേരിക്കയിലേക്ക് അയച്ചത്. ജീവിതത്തില്‍ ഞാനൊരുപാട് കഷ്ടപ്പെട്ടു. അവന് മെച്ചപ്പെട്ട ജീവിതം നൽകാൻ ഞാൻ ആഗ്രഹിച്ചു. സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ് അവന് സംഭവിച്ചത്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു”- വരുണിന്റെ അച്ഛൻ രാമമൂർത്തി പറഞ്ഞു.
വരുണിനെ എന്തിനാണ് ആക്രമിച്ചതെന്ന് ഒരു പിടിയുമില്ലെന്ന് കുടുംബം പറഞ്ഞു. സംഭവിച്ചത് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. വരുണ്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, ആരോടും വഴക്കുണ്ടാക്കാത്ത കുട്ടിയാണ്. അവനെ എന്തിനിങ്ങനെ ക്രൂരമായി ആക്രമിച്ചെന്ന് മനസ്സിലാവുന്നില്ലെന്ന് രാമമൂര്‍ത്തി പറഞ്ഞു. മഹബൂബാബാദ് ജില്ലയിലെ ദൊർണക്കലിൽ സ്കൂള്‍ അധ്യാപകനായിരുന്നു രാമമൂര്‍ത്തി.
തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് വരുണ്‍ രാജ് പുച്ച. ഹൈദരാബാദിലെ കോളേജില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ ശേഷമാണ്, കഴിഞ്ഞ ആഗസ്തില്‍ അമേരിക്കയിലെ ഇന്ത്യാനയിലെ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം നേടിയത്. വാല്‍പരാസോ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു വരുണ്‍.
ഇന്ത്യാനയിലെ ജിമ്മില്‍ വെച്ചാണ് വരുണിന് കുത്തേറ്റത്. ഒക്ടോബര്‍ 29നായിരുന്നു സംഭവം. ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയ്ക്കാണ് വരുണിന് പരിക്കേറ്റത്. 24കാരന്‍ ജോര്‍ദാന്‍ ആന്‍ഡ്രേഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്താണ് ആക്രമത്തിന് പ്രകോപനമെന്ന് വ്യക്തമല്ല. സംഭവത്തിന് മുന്‍പ് ഇരുവരും തമ്മില്‍ എന്തെങ്കിലും ശത്രുതയോ വാക്ക് തര്‍ക്കമോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും തെലങ്കാന സർക്കാരും വരുണിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്നും അടുത്ത ബുധനാഴ്ചയോടെ എത്തുമെന്ന് കരുതുന്നുവെന്നും വരുണിന്‍റെ അച്ഛന്‍ പറഞ്ഞു. വാല്‍പരാസോ സര്‍വകലാശാല വരുണിന്‍റെ വേര്‍പാടില്‍ അനുശോചിച്ചു. വരുണിന്‍റെ കുടുംബത്തിന് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു.