ഐഎംഎഫിന്‍റെ പാക്കേജിലാണ് ദൈനംദിന പ്രവർത്തനങ്ങൾ പോലും കഴിഞ്ഞ് പോകുന്നത്. അതുകൊണ്ട് കോണ്ടത്തിന്‍റെ നികുതി പരിഷ്കരണത്തിനടക്കം പാകിസ്ഥാന് ഐഎംഎഫിന്‍റെ അനുവാദം തേടേണ്ട സ്ഥിതിയിലാണ്.
ലാഹോർ: കൊടിയ ദാരിദ്രം അനുഭവിക്കുന്ന പാകിസ്ഥാനിൽ ജനസംഖ്യ കുതിച്ച് കയറുന്നത് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ദൈനംദിന ചെലവിനുള്ള പണത്തിനായി ഐഎംഎഫിന് മുന്നിൽ കൈ നീട്ടുന്ന പാക്കിസ്ഥാന് ഇപ്പോൾ ഗർഭ നിരോധന ഉറയുടെ വില കുറക്കാനും രാജ്യാന്തര നാണയ നിധിക്ക് (ഐഎംഎഫ്) മുന്നിൽ കെഞ്ചേണ്ട ഗതികേടിലാണ്. ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നായ പാകിസ്ഥാനിൽ ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്കുകൾ. ഇപ്പോഴിതാ വർധിക്കുന്ന ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനായി ഗർഭനിരോധന മാർഗങ്ങൾക്കുള്ള 18% ജിഎസ്ടി പിൻവലിക്കണമെന്ന് ഐഎംഎഫിന് മുന്നിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ.
പാക്കിസ്ഥാന്റെ ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (എഫ്ബിആർ) ആണ് അപേക്ഷ സമർപ്പിച്ചത്. അതേസമയം കോണ്ടത്തിനുള്ള നികുതി കുറക്കാനാവില്ലെന്ന് ഐഎംഎഫ് നിലപാടെടുത്തു. അടുത്ത ഫെഡറൽ ബജറ്റിൽ മാത്രമേ ഗർഭനിരോധന മാർഗ്ഗങ്ങൾക്കുള്ള ഏതെങ്കിലും ഇളവുകളോ നികുതി ഇളവുകളോ പരിശോധിക്കാൻ കഴിയൂവെന്ന് ഐഎംഎഫ് അറിയിച്ചു. നിലവിലുള്ള ബെയ്‌ൽഔട്ട് പ്രോഗ്രാമിന് കീഴിലുള്ള പുതുക്കിയ വരുമാന ലക്ഷ്യങ്ങൾ കൈവരിക്കാൻ പാകിസ്ഥാൻ പാടുപെടുന്ന സാഹചര്യത്തിലാണ് ഐഎംഎഫ് അനുമതി നിഷേധിച്ചത്. ഒരു സാമ്പത്തിക വർഷത്തിന്റെ പാതിയ്ക്കുവച്ച് ജിഎസ്ടി കുറയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന ചർച്ചയിലും ഐഎംഎഫ് വ്യക്തമാക്കിയെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നികുതി കുറച്ചിരുന്നെങ്കിൽ സർക്കാരിന് 60 കോടി പാക്കിസ്ഥാനി രൂപവരെ നികുതിവരുമാന നഷ്ടമുണ്ടാകുമായിരുന്നെന്നാണ് വിലയിരുത്തൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ സർക്കാർ കടന്നു പോകുന്നത്. ഐഎംഎഫിന്‍റെ പാക്കേജിലാണ് ദൈനംദിന പ്രവർത്തനങ്ങൾ പോലും കഴിഞ്ഞ് പോകുന്നത്. അതുകൊണ്ട് കോണ്ടത്തിന്‍റെ നികുതി പരിഷ്കരണത്തിനടക്കം ഐഎംഎഫിന്‍റെ അനുവാദം തേടേണ്ട സ്ഥിതിയിലാണ്. കോണ്ടത്തിനൊപ്പം ബേബി ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ എന്നിവയുടെ നികുതി കുറയ്ക്കാനുള്ള അപേക്ഷയും ഐഎംഎഫ് തള്ളിയിട്ടുണ്ട്.


