2016 നും 2021 നും ഇടയിൽ, 12 നും 16 നും ഇടയിൽ പ്രായമുള്ള 13 പെൺകുട്ടികളെയാണ് ഹെറി വിരാവൻ ലൈംഗികമായി ചൂഷണം ചെയ്തത്. 

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക് സ്കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്തോനേഷ്യൻ കോടതി അധ്യാപകന് വധശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ ജാവയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അധ്യാപകനുമായ ഹെറി വിരാവനെയാണ് വധശിക്ഷക്ക് വിധിച്ചത്. ഫെബ്രുവരിയിൽ ബന്ദൂങ് നഗരത്തിലെ കോടതി അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതിന് ശേഷം പ്രൊസിക്യൂട്ടർമാർ വധശിക്ഷക്ക് അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ഇന്തോനേഷ്യയിൽ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. മാത്രമല്ല, രാജ്യത്തെ മതപഠനകേന്ദ്രങ്ങളിലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന സംഭവം കൂടിയായിരുന്നു ഇത്. 

ഇനിയൊരു അപ്പീൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ഹെറിയുടെ അഭിഭാഷകയായ ഇറ മാംബോ വിസമ്മതിച്ചു. മുപ്പത്തിയാറുകാരനായ ഹെറി വിരാവൻ 2016-ല്‍ സ്ഥാപിച്ചതാണ് ബോര്‍ഡിംഗ് സ്‌കൂള്‍. ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലാണ് കൊടുംപീഡനം അരങ്ങേറിയത്. 2016 മുതല്‍ 2021 വരെയാണ് മതപഠനത്തിന്റെ മറവില്‍ ഇയാള്‍ 13 പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇവരില്‍ എട്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. ഇവര്‍ ഒമ്പതു കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. 

ഹെറിയെ വന്ധ്യംകരണം നടത്തണമെന്ന് പ്രതി ലൈം​ഗിക അതിക്രമം നടത്തിയ പെൺകുട്ടിയുടെ ബന്ധു ആവശ്യപ്പെട്ടിരുന്നു. ജീവപര്യന്തം ജയിലിലടക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ചെയ്ത ക്രൂരതയുടെ വേദന അയാളും അറിയണം. വധശിക്ഷ വിധിച്ചത് നീതിയുക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തോനേഷ്യൻ സ്കൂളുകളിലെ ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ച് പുറംലോകം അറിയിച്ച സംഭവമായിരുന്നു ഇത്.
ഇസ്ലാമിക ബോർഡിം​ഗ് സ്കൂളുകളില്‍ നിന്ന് 14 മുതൽ 18 വരെയുള്ള ഇത്തരം കേസുകളാണ് കഴിഞ്ഞ വർഷം ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷന്റെ മുന്നിലെത്തിയത്. 

രാജ്യത്തെ ശിശു സംരക്ഷണ മന്ത്രി ഉൾപ്പെടെയുള്ളവർ വധശിക്ഷയ്ക്കുള്ള ആഹ്വാനത്തെ പിന്തുണച്ചിരുന്നു. എന്നാൽ വധശിക്ഷയെ എതിർക്കുന്ന രാജ്യത്തിന്റെ മനുഷ്യാവകാശ കമ്മീഷൻ ഇത് ഉചിതമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ പതിനായിരക്കണക്കിന് ഇസ്ലാമിക് ബോർഡിംഗ് സ്കൂളുകളും മറ്റ് മതപാഠശാലകളും ഉണ്ട്. അവ പലപ്പോഴും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗം കൂടിയാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മതപഠനത്തിന് മുന്‍തൂക്കം നല്‍കി സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന പേരിലാണ് ഇയാള്‍ സ്‌കൂള്‍ ആരംഭിച്ചത്. സൗജന്യ താമസവും ഭക്ഷണവും കൂടാതെ സ്കോളർഷിപ്പും ഇവിടത്തെ കുട്ടികൾക്ക് നൽകിയിരുന്നു. 

നിരവധി വ്യവസ്ഥകളോടെയാണ് ഈ സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കുട്ടികള്‍ക്ക് വീടുകളിലേക്ക് പോവാന്‍ അനുമതി ഉണ്ടായിരുന്നത്. രക്ഷിതാക്കള്‍ക്കും സ്‌കൂളിലേക്ക് അതിനിടയ്ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതോടൊപ്പം ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ വാങ്ങിവെക്കുമായിരുന്നു. വലിയ മതിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍ നടക്കുന്ന കാര്യം പുറത്തറിഞ്ഞിരുന്നില്ല. 

താരതമ്യേനെ ദുര്‍ബലരായ കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് തെരഞ്ഞെടുത്തിരുന്നത്. ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ബോര്‍ഡിംഗില്‍നിന്നു വീട്ടിലേക്ക് വന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് രക്ഷിതാക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവം വന്‍ വാര്‍ത്തയാവുകയും ചെയ്തു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 13 പെണ്‍കുട്ടികള്‍ തങ്ങളെ ഇയാള്‍ ബലാല്‍സംഗം ചെയ്തതായി മൊഴി നല്‍കിയത്.