തെഹ്റാന്‍: ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിര്‍ചിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. 

ഇറാനില്‍ കൊറോണ മൂലം ചൊവ്വാഴ്ച രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 14 ആയി. ചൈന കഴിഞ്ഞാന്‍ കൊറോണ വൈറസ് ബാധയേറ്റ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറാനിലാണ്. നിലവില്‍ ഇറാനില്‍ 61 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

അതേസമയം ഒമാനില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഇറാനില്‍ നിന്നെത്തിയ രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരിലാണ് ഇന്ന് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ഒമാനില്‍ ആകെ രോഗബാധിതരുടെ എണ്ണം നാലായി.