ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഖാർഗ് ദ്വീപിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചർച്ച നടത്തിയെന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ടെഹ്റാൻ: അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ തള്ളി ഇറാൻ. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ 5 നിബന്ധനകൾ മൂന്നോട്ടുവെച്ചു. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ.
ഹോർമുസ് കടലിടുക്കിന്‍റെ (Strait of Hormuz) നിയന്ത്രണം തങ്ങൾക്ക് ലഭിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ നിർദ്ദേശം അമേരിക്ക അംഗീകരിക്കാൻ സാധ്യതയില്ല. നിർണ്ണായകമായ ഈ എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും സംയുക്തമായി നിയന്ത്രിക്കാമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഖാർഗ് ദ്വീപിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചർച്ച നടത്തിയെന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദ്വീപിൽ മേൽക്കൈ നേടുന്നതിലൂടെ എണ്ണ ഉൽപ്പാദനത്തിലൂടെ ഇറാൻ നേടുന്ന സാമ്പത്തിക വരുമാനം കുറയ്ക്കാനും നിലവിലെ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളിൽ നിന്ന് പുറത്ത് അഭയം തേടിയ അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകുന്നു.


